-->
കൊണ്ടോട്ടി: പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് റോഡപകടങ്ങള്‍ തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധനയുമായി രംഗത്തിറങ്ങി. കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരായ പി.കെ. മുഹമ്മദ് ഷഫീഖ്, എ.കെ. മുസ്‌തഫ, കെ.സി. സൗരഭ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ആഘോഷത്തിമര്‍പ്പില്‍ അമിതാവേശക്കാര്‍ ചീറിപ്പായാന്‍ സാധ്യത കണക്കിലെടുത്ത് ദേശീയ-സംസ്‌ഥാന പാതകള്‍ക്ക് പുറമെ കൊണ്ടോട്ടി, എടവണ്ണപാറ, അരീക്കോട്, മൊറയൂര്‍, എയര്‍പോര്‍ട്ട് പരിസരം, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന ശക്‌തമാക്കിയത്.
നിരത്തില്‍ കൈ കാണിച്ചാല്‍ നിര്‍ത്താത്ത വാഹനങ്ങള്‍ പിടികൂടാന്‍ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം ആളുകളെ കയറ്റല്‍, സിഗ്നല്‍ ലംഘനം, രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍, അമിത ശബ്‌ദമുണ്ടാക്കുന്ന സൈലന്‍സര്‍ മാറ്റിയ വാഹനങ്ങള്‍, എയര്‍ ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയിലുള്ള വിവിധ വര്‍ണ ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. വിവിധ നിയമലംഘനങ്ങള്‍ക്ക് നിരവധി കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. പരിശോധനക്ക് പുറമെ ബോധവത്‌ക്കരണവും നല്‍കുന്നുണ്ട്.