-->
പൂച്ചാക്കല്‍: പരിപാലിക്കാന്‍ ആളില്ലാത്തതിനാല്‍ കോടികള്‍ മുടക്കി നിര്‍മിച്ച തൈക്കാട്ടുശേരി പാര്‍ക്ക് നശിക്കുന്നു. തൈക്കാട്ടുശേരി തുറവൂര്‍ പാലത്തിനോട് ചേര്‍ന്ന് അപ്രോച്ച് റോഡിന്റെ ഭാഗത്തെ പാര്‍ക്കാണ് കാടുകയറി നശിക്കുന്നത്.
കോടി കള്‍ മുടക്കിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ക്ക് ഒരുക്കിയത്. പാര്‍ക്കിലെ വൈദ്യുതി വിളക്കുകള്‍ മിഴി അടഞ്ഞിട്ട് മാസങ്ങളായി.
ദിവസേന നൂറ് കണക്കിനാളുകളാണ് വിശ്രമത്തിനും വ്യായാമത്തിനുമായി ഇവിടെ എത്തുന്നത്.
പാര്‍ക്കിലെ പുല്‍ത്തകിടി ഉള്‍പ്പെടെ കരിഞ്ഞുണങ്ങി നശിക്കുന്ന അവസ്‌ഥയാണ്. നിര്‍ദിഷ്‌ട തുറവൂര്‍ പമ്പാ പാതയില്‍ തുറവൂര്‍ തൈക്കാട്ടുശേരി റോഡില്‍ തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറക്കരയിലാണ് പാര്‍ക്ക് സ്‌ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. പാര്‍ക്കിന്റെ മേല്‍നോട്ടം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ്. എന്നാല്‍ പാര്‍ക്ക് തുറന്ന് കൊടുത്തതിന് ശേഷം അധികൃതരുടെ ഭാഗത്ത് നിന്ന്‌് യാതൊരുവിധ സംരക്ഷണവുമില്ലാതെ നശിക്കുകയാണ്. പാര്‍ക്കിനോട് ചേര്‍ന്നുള്ള കായലില്‍ വന്‍തോതില്‍ മാലിന്യം തള്ളുകയാണ്.
തെരുവ് നായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്.
ഇതുമൂലം പാര്‍ക്കിലെ ത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയാണ്. പാര്‍ക്കില്‍ പ്രഭാതസവാരിക്കും വ്യായാമത്തി നുമായി എത്തുന്നവര്‍ പിരിവിട്ടാണ് കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ ഉള്‍പ്പെടെ സംവിധാനമുണ്ടാക്കിയത്.
പാര്‍ക്കിന്റെ സംരക്ഷണത്തിനായി ജീവനക്കാരെ നിയമിച്ച് പാര്‍ക്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാവശ്യം ശക്‌തമായിട്ടുണ്ട്.