-->
പൊഴുതന: അച്ചൂര്‍ ചാത്തോത്ത് റോഡ് ഭാഗങ്ങളില്‍ പുലി ഇറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് അച്ചൂര്‍ ചാത്തോത്ത് റോഡില്‍ പുലി വിശ്രമിക്കുന്നത് നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം അച്ചൂര്‍ 13ല്‍ വളര്‍ത്തു നായയെ പുലിപിടിച്ചു. തുടര്‍ന്ന് സ്‌ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതര്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്യാമറ ട്രാപ് സ്‌ഥാപിക്കുമെന്നും പുലി സാന്നിധ്യം കണ്ടെത്തിയാല്‍ തുടര്‍നടപടികളെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനിടെ ഇന്നലെ രാവിലെ തരിയോട് പഞ്ചായത്തിലെ കാലിക്കുനി പ്രദേശത്ത് പുലി ഇറങ്ങിയെന്ന വാര്‍ത്ത ആശങ്കയ്‌ക്കിടയാക്കി. കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണു പുലിയെ കണ്ടതായി അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് സ്‌ഥലത്ത് എത്തി കാല്‍പാട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പുള്ളിമാന്‍ ആണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്.