-->
ഇലന്തൂര്‍: ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ച വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും സി.എഫ് ആന്‍ഡ്രൂസിന്റെയും വാക്കുകളില്‍ നിന്ന് ഗുരുദേവന്റെ മഹത്വം നമുക്ക് മനസിലാക്കാന്‍ കഴിയുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
എസ്.എന്‍.ഡി.പി യോഗം ഇടപരിയാരം ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഇടപരിയാരം ശാഖയിലെ ഗുരു മന്ദിരത്തിലെ പുനപ്രതിഷ്‌ഠയോടെ അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
യോഗം പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ പത്മകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്‌റ്റന്റ് സെക്രട്ടറി ടി പി സുന്ദരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി ഡി അനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ ജി സോമനാഥന്‍, പി കെ പ്രസന്നകുമാര്‍, മൈക്രോ ഫൈനാന്‍സ് യൂണിയന്‍ കോ ഓര്‍ഡിനേറ്റര്‍ കെ ആര്‍ സലീലനാഥ്, ശാഖാ പ്രസിഡണ്ട് പി കെ പ്രസന്നന്‍, സെക്രട്ടറി ശ്രീജിത്ത് എസ് എന്നിവര്‍ സംസാരിച്ചു. രാവിലെ 10: 35 നും 11: 45 നും ഇടയില്‍ ശിവഗിരി മഠത്തിലെ താന്ത്രിക ആചാര്യന്‍ സ്വാമി ശിവ നാരായണ തീര്‍ത്ഥയുടെ മുഖ്യ കാര്‍മികത്വത്തില്‍ വെണ്ണക്കല്‍ പ്രതിമയുടെ പുനപ്രതിഷ്‌ഠ നടന്നു. അഷ്‌ടദ്രവ്യ ഗണപതി ഹോമം, അധിവാസം, വിടര്‍ത്തിപൂജ, പീഠപൂജ അനുഗ്രഹപ്രഭാഷണം, ദീപാരാധന, സര്‍വ്വേശ്വര പൂജ എന്നിവയും നടന്നു.