-->
കുടയത്തൂര്‍: ശങ്കരപ്പിള്ളി എസ് വളവിന് സമീപം സംസ്‌ഥാന പാതയില്‍ റോഡിന്റെ അരിക് ഇടിഞ്ഞ ഭാഗത്ത് സുരക്ഷാഭീഷണി. മുന്നറിയിപ്പ് നല്‍കാന്‍ ഒരു വീപ്പ വെച്ചിരുന്ന സ്‌ഥലത്ത് വീപ്പകളുടെ എണ്ണം കൂട്ടിയതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. റോഡരിക് ഇടിഞ്ഞ് അപകടാ വസ്‌ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
റോഡരികില്‍ ഗര്‍ത്തം ഉണ്ടായി അപകടാവസ്‌ഥയിലായതിനെക്കുറിച്ച് 'മംഗളം' വാര്‍ത്ത നല്‍കിയിരുന്നു. വാഹന ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ അരിക് ഇടിഞ്ഞ നിലയിലാണ് എന്ന് മനസിലാക്കാന്‍ ഒരു വീപ്പ നാട്ടുകാര്‍ റോഡ് ഇടിഞ്ഞ ഭാഗത്ത് റോഡിലേക്ക് കയറ്റി വച്ചിരുന്നു. റോഡ് ഇടിഞ്ഞ ഭാഗത്ത് പുല്ല് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ റോഡിനോട് ചേര്‍ന്ന ഇടിഞ്ഞ ഭാഗം ശ്രദ്ധയില്‍പ്പെടില്ല. ടാര്‍ വീപ്പ ഇരിക്കുന്നതിന് തൊട്ടുതാഴെ 8 അടിയോളം താഴ്‌ചയുള്ള വലിയ കുഴിയാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ വലിയ അപകടസാധ്യതയാണ് നിലനില്‍ക്കുന്നത്.
പൊതുമരാമത്ത് അധികൃതരാണ് ഒരു വീപ്പയ്‌ക്ക് പകരം അഞ്ച് വീപ്പകള്‍ നിരത്തി കനത്ത സുരക്ഷ ഒരുക്കിയത്. വീപ്പ കൊണ്ടുവന്ന് വച്ചവര്‍ വീപ്പയില്‍ ഒരു റിഫ്‌ളക്‌ടര്‍ സ്‌റ്റിക്കര്‍ ഒട്ടിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല.
റോഡരികിലിരിക്കുന്ന വീപ്പകള്‍ രാത്രിയില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല. ഈ ഭാഗത്ത് വെള്ളം ഒഴുകി പോകുന്നതിനായി ഒരു കലുങ്ക് ഉണ്ടായിരുന്നു. കലുങ്കിന്റെ വശം ഇടിഞ്ഞാണ് വലിയ കുഴി ഉണ്ടായിരിക്കുന്നത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന തെരക്കേറിയ പാതയിലാണ് അപകട ഭീഷണി ഉയര്‍ത്തി റോഡരികില്‍ വലിയ ഗര്‍ത്തം ഉണ്ടായിട്ടുള്ളത്. ആദ്യം ചെറിയ തോതിലാണ് റോഡരിക് ഇടിഞ്ഞതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ ഭാഗം ഇടിഞ്ഞ് വലിയ കുഴിയായി മാറിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലാണ് അപകടകെണിയായി റോഡിന്റെ വശം ഇടിഞ്ഞിരിക്കുന്നത്. ആയതോടെ വിനോദസഞ്ചാരികളുടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.