Sunday, March 15, 2026 Last Updated 10 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.55 AM

വാഗമണില്‍ ഓഫ്‌ റോഡ്‌ വാഹനങ്ങളുടെ തേര്‍വാഴ്‌ച

uploads/news/2025/12/818066/3.jpg

ഇടുക്കി: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ഓഫ്‌ റോഡ്‌ സഫാരി വാഹനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ചീറിപ്പായുന്നത്‌ നാട്ടുകാര്‍ക്ക്‌ ഭീഷണിയാകുന്നു. കൈതപ്പതാല്‍, ഉറുമ്പള്ള്‌ മേഖലകളിലാണ്‌ ജനവാസ കേന്ദ്രങ്ങളെ നടുക്കി ഓഫ്‌ റോഡ്‌ ട്രക്കിങ്ങ്‌ തകൃതിയായി നടക്കുന്നത്‌. മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ്‌ പോലീസിന്റെ മൗനാനുവാദത്തോടെയുള്ള ഈ നിയമലംഘനം.
രാപകല്‍ ഭേദമില്ലാതെ വാഹനങ്ങളുടെ അമിത ശബ്‌ദവും ഉച്ചഭാഷിണിയിലൂടെയുള്ള പാട്ടുകളും സഞ്ചാരികളുടെ കൂക്കിവിളിയും പ്രദേശവാസികളുടെ സമാധാനം കെടുത്തുകയാണ്‌. ഇടുങ്ങിയ റോഡുകളിലൂടെയുള്ള കാല്‍നടയാത്ര പോലും ഇപ്പോള്‍ അസാധ്യമായിരിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ആശുപത്രിയില്‍ പോകാന്‍ പോലും നാട്ടുകാര്‍ക്ക്‌ വഴി ലഭിക്കാത്ത അവസ്‌ഥയാണെന്ന്‌ പരാതിയുണ്ട്‌.
ഒന്നിലധികം വാഹനങ്ങള്‍ പാക്കേജുകളായി എത്തുമ്പോള്‍ നാട്ടുകാര്‍ വഴിയില്‍ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്‌. നിയമലംഘനം ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഓഫ്‌ റോഡ്‌ ഡ്രൈവര്‍മാരും ഉടമകളും ചേര്‍ന്ന്‌ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. ഉറുമ്പള്ള്‌ വ്യൂ പോയിന്റിലൂടെ എത്തുന്ന വാഹനങ്ങള്‍ കപ്പക്കാനം തോടിന്‌ നടുവില്‍ നിര്‍ത്തിയിട്ട്‌ കഴുകുന്നത്‌ സ്വാഭാവിക ജലസ്രോതസുകള്‍ മലിനമാകുന്നതിനും കാരണമാകുന്നു. വഴി ചോദിക്കുന്ന നാട്ടുകാരോട്‌ കയര്‍ക്കുന്നതും ശാരീരികമായി വെല്ലുവിളിക്കുന്നതും ഇവിടുത്തെ നിത്യസംഭവമായി മാറിയിട്ടുണ്ട്‌.
വാഗമണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ നിരന്തരം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ ലംഘകര്‍ക്ക്‌ ഒത്താശ ചെയ്യുന്ന സാഹചര്യത്തില്‍, ശക്‌തമായ ജനകീയ സമരവുമായി മുന്നോട്ട്‌ പോകാനാണ്‌ നാട്ടുകാരുടെ തീരുമാനം.

Ads by Google
Advertisement
Tuesday 30 Dec 2025 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW