Sunday, March 15, 2026 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.55 AM

മലയോരത്തെ മനോഹാരിതയില്‍ മനംനിറഞ്ഞ്‌ സഞ്ചാരികള്‍

uploads/news/2025/12/818065/2.jpg

തൊടുപുഴ: അവധി ആഘോഷിക്കാന്‍ മലയോരത്തെ മനോഹാരിത തേടിയെത്തി വിനോദ സഞ്ചാരികള്‍. ജില്ലയിലേക്ക്‌ ഇത്തവണ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ക്രിസ്‌മസ്‌, പുതുവത്സരം പ്രമാണിച്ച്‌ ഒരാഴ്‌ചയ്‌ക്കിടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ 1,49423 പേരാണ്‌ എത്തിയത്‌. ക്രിസ്‌മസ്‌ ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ്‌ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്‌. ക്രിസ്‌മസ്‌ ദിനമായ വ്യാഴാഴ്‌ച 30150 സഞ്ചാരികളാണ്‌ ഡി.ടി.പി.സിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്‌.
വെള്ളിയാഴ്‌ച 29,485 പേരും ശനിയാഴ്‌ച 32007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്‌മസ്‌ തലേന്ന്‌ 15419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു. വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ്‌ കൂടുതല്‍ പേര്‍ എത്തിയത്‌. ക്രിസ്‌മസ്‌ ദിനത്തില്‍ മൊട്ടക്കുന്നില്‍ 7693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന്‌ മൊട്ടക്കുന്നില്‍ 8644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6965 പേരും സന്ദര്‍ശനം നടത്തി. രാമക്കല്‍മേട്‌, പാഞ്ചാലിമേട്‌, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മെട്ടില്‍ ക്രിസ്‌മസ്‌ ദിനത്തില്‍ 3815 പേരും പിറ്റേന്ന്‌ 2781 പേരും സന്ദര്‍ശനം നടത്തി. പാഞ്ചാലിമേട്ടില്‍ 2552, 2251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4211, 3874 എന്ന ക്രമത്തിലുമാണ്‌ രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണ പുരം, ഹില്‍വ്യു പാര്‍ക്ക്‌, ആമപ്പാറ, കൊളുക്കുമല എന്നിവിടങ്ങളിലും തെരക്കനുഭവപ്പെട്ടു. വനം വകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന്‌ സഞ്ചാരികള്‍ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായെത്തി.
ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കായി ടൂറിസം കേന്ദ്രങ്ങള്‍ വൈദ്യുത ദീപങ്ങളാല്‍ വര്‍ണാഭമാക്കിയിരുന്നു. കാലാവസ്‌ഥയും അനൂകുലമായിരുന്നതിനാല്‍ കുടുംബ സമേതമാണ്‌ കൂടുതല്‍പേരും എത്തിയത്‌. ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്‌, പരുന്തുംപാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തെരക്കനുഭവപ്പെടും. വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേയ്‌ക്ക് ദിവസേന ആയിരക്കണക്കിന്‌ സന്ദര്‍ശകരും നൂറുകണക്കിന്‌ വാഹനങ്ങളുമാണ്‌ എത്തുന്നത്‌.
അതിനാല്‍ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്‌. പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വലിയ ബുക്കിങും ലഭിച്ചിട്ടുണ്ട്‌. ചെറുകിട കച്ചവടക്കാര്‍ക്കും ചാകരക്കാലമാണ്‌ ക്രിസ്‌മസ്‌, പുതുവത്സര ദിനങ്ങള്‍. പുതുവത്സരാ ഘോഷങ്ങള്‍ അതിരു വിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്‌. ലഹരി പാര്‍ട്ടികള്‍ക്കെതിരെയും അധികൃതര്‍ ജാഗ്രത പുലര്‍ത്തു ന്നുണ്ട്‌. കോവിഡിനു ശേഷം ഏറ്റവും കൂടുതല്‍ വിനോദ സറ്‌ഞാര മേഖല ഉണര്‍ന്നതും ഇത്തവണയാണെന്നതും പ്രത്യേകതയാണ്‌.

Ads by Google
Advertisement
Tuesday 30 Dec 2025 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW