-->
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ റോബോട്ടിക് വാഹനമുപയോഗിച്ചുള്ള അണ്ടര്‍വാട്ടര്‍ പരിശോധന പൂര്‍ത്തിയായി. അണക്കെട്ടിന്റെ സുരക്ഷയും സ്‌ഥിരതയും ഉറപ്പാക്കുന്നതിനായി തമിഴ്‌നാട്-കേരള ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഒരാഴ്‌ചയായി നടന്നുവന്ന പരിശോധനയാണ് പൂര്‍ത്തിയായത്. അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ഉടന്‍തന്നെ ഉന്നതാധികാര സമിതിക്ക് കൈമാറും.
ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം അനില്‍ ജെയിന്‍ അധ്യക്ഷനായ നിരീക്ഷണ സമിതി നിലവിലുണ്ട്. ഈ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ ബലം പരിശോധിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, ഡിസംബര്‍ 22 മുതല്‍ ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സേ്‌റ്റഷനിലെ സി.എസ്.എം.ആര്‍.എസ് ഗവേഷകരായ മനീഷ് ഗുപ്‌ത, സര്‍വേദി, സെന്തില്‍, വിജയ്, ഡോ. ജാലെ ലിംഗസ്വാമി, ലാബ് അസിസ്‌റ്റന്റ് ദീപക് കുമാര്‍ ശര്‍മ എന്നിവരടങ്ങുന്ന സംഘം ഇരുസംസ്‌ഥാനങ്ങളിലെയും ഉദ്യോഗസ്‌ഥരുടെ സാന്നിധ്യ ത്തിലായിരുന്നു പരിശോധന. 1,200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് നടത്തിയ പരിശോധന ഒരാഴ്‌ച്ച നീണ്ടുനിന്നു. റോബോട്ടിക് വാഹനം ജലത്തിനടിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഗവേഷകര്‍ ബോട്ടിലിരുന്ന് കണ്‍ട്രോള്‍ കണ്‍സോള്‍ സ്‌ക്രീന്‍ വഴി നിരീക്ഷിച്ചു. ജലത്തിന്റെ ആഴം, വാഹനത്തിന്റെ ദിശ, മര്‍ദ്ദം, താപനില എന്നിവ കൃത്യമായി രേഖപ്പെടുത്തി.
ഒരാഴച്ച നീണ്ടുനിന്ന ഈ പരിശോധന ഞായറാഴ്‌ച വൈകുന്നേരമാണ് അവസാനിച്ചത്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഗവേഷകര്‍ ഉടന്‍ തന്നെ മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കും. പരിശോധനാ സമയത്ത് തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സെല്‍വം, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജഗോപാല്‍ എന്നിവരും കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കട്ടപ്പന ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബു, അസിസ്‌റ്റന്റ് എന്‍ജിനീയര്‍മാരായ രമേശ്, ബെനഡിക്‌റ്റ് എന്നിവരും സന്നിഹിതരായിരുന്നു. അണക്കെട്ടിന് ബലക്ഷയം എത്രത്തോളം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്‌തമാകും.