-->
മുളന്തുരുത്തി: മേഖലയില്‍ അനധികൃതമായി മണ്ണെടുപ്പ് രൂക്ഷമാണെന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ ജിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 5 ടിപ്പര്‍ ലോറികളും ഒരു മണ്ണ് മാന്തിയന്ത്രവും പിടികൂടി. ഇന്നലെ രാവിലെ പത്തോടെ മേഖലയിലെത്തിയ ജിയോളജി വകുപ്പ് അധികൃതര്‍ ഊഴക്കോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് സമീപം ഒരേക്കറോളം വരുന്ന മല അനധികൃതമായി ഇടിച്ചു നിരത്തി മണ്ണെടുക്കുന്നത് കണ്ടെത്തുകയും സംഭവസ്‌ഥലത്തുനിന്ന് 4 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടികൂടി കസ്‌റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് തുപ്പംപടി ഭാഗത്ത് നിന്നും അനധികൃതമായി മണ്ണ് കടത്തിയ ഒരു ടിപ്പര്‍ ലോറിയും പിടികൂടി.
ജിയോളജി വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധന വിവരം മണ്ണ് ഖനനം നടത്തുന്ന സംഘങ്ങളുടെ വാട്‌സാപ് ഗ്രൂപ്പില്‍ എത്തുകയും മേഖലയിലുള്ള അനധികൃത ഖനനം ദ്രുതഗതിയില്‍ നിര്‍ത്തിവയ്‌ക്കുകയും ചെയ്‌തു. മുളന്തുരുത്തി, എടയ്‌ക്കാട്ടുവയല്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃത മണ്ണ് ,ചെങ്കല്‍ ഖനനം നടക്കുന്നതായി ജിയോളജി വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പോലീസിനും വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലാത്തതിനാലാണ് ജിയോളജി വകുപ്പിന് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്.