-->
കല്‍പ്പറ്റ: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ സംസ്‌ഥാന തലത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ് ക്യാമ്പയിനിന്റെ ജില്ലാതല പ്രീലോഞ്ചിങ് പരിപാടികള്‍ കല്‍പറ്റയില്‍ നടന്നു. സിനിമാതാരവും ഫിറ്റ്‌നസ് കോച്ചുമായ അബു സലീം വര്‍കൗട്ട് ഫോര്‍ വെല്‍നസിലൂടെ പ്രീലോഞ്ചിങ്ങ് പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. പുലര്‍കാലം ഫിറ്റ്‌നസ്‌ക്ല ബ്ലിന്റെ മ്യൂസിക്കല്‍ വര്‍ക്കൗട്ടും അരങ്ങേറി. കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ച വാക് ഫോര്‍ വെല്‍നസ് സാമൂഹ്യ നടത്ത പരിപാടി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി ഫ്‌ലാഗ് ഓഫ് ചെയ്‌തു.
സിവില്‍ സ്‌റ്റേഷനില്‍ നടന്ന പ്രചാരണ ബോധവല്‍ക്കരണ പരിപാടി എഴുത്തുകാരന്‍ ബാലന്‍ വേങ്ങര ഉദ്‌ഘാടനം ചെയ്‌തു. എഴുത്തുകാരി പ്രീത ജെ പ്രിയദര്‍ശിനി മുഖ്യാതിഥിയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി അധ്യക്ഷയായ ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനോയ്, എന്‍.പി.എന്‍.സി.ഡി നോഡല്‍ ഓഫിസര്‍ ഡോ. കെ.ആര്‍ ദീപ, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ് സുഷമ, നഗരസഭ കൗണ്‍സിലര്‍ ബിന്ദു, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കല്‍പറ്റ ബ്രാഞ്ച് സെക്രട്ടറി ഡോ. സ്‌മിത, കെഫോഗ് പ്രതിനിധി ഡോ. ആലീസ്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രതിനിധി ഡോ. ഷാനവാസ്, ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആരിഫ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ കെ.എം മുസ്‌തഫ, ബയോളജിസ്‌റ്റ് കെ. ബിന്ദു, ജൂനിയര്‍ കണ്‍സര്‍ട്ടന്റ് കെ.എസ് നിജില്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.
ഉണര്‍വ് നാടന്‍ കലാസംഘം അവതരിപ്പിച്ച കലാപരിപാടികളും പൂതാടി കുടുംബോരോഗ്യ കേന്ദ്രം അവതരിപ്പിച്ച തുടിയും കൈക്കൊട്ടിക്കളിയും അരങ്ങേറി. ഡോക്‌ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കലാ കായിക പ്രവര്‍ത്തകര്‍, സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതരീതികള്‍ പ്രോത്സാഹിപ്പിച്ച് ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ആളുകളെ പ്രാപ്‌തമാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിചരണം എന്നീ നാല് അടിസ്‌ഥാന ഘടകങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ നിരന്തര ബോധവല്‍ക്കരണം സംഘടിപ്പിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സാമൂഹ്യാധിഷ്‌ഠിത ജീവിത ശൈലീമാറ്റ പരിപാടികളും പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച് നടപ്പിലാക്കും.