-->
എല്ലാ പുലര്‍ച്ചയിലേയും പൊന്നാനിയിലെ പതിവു കാഴ്‌ചയാണ് ഈ മനുഷ്യന്‍. പേര് അബ്‌ദുറഹിമാന്‍. പ്രായം 85. തൊഴിലിനെ പ്രണയിക്കുന്ന മനുഷ്യന്‍. പ്രായം വെറും അക്കമാണെന്ന് തെളിയിച്ചയാള്‍. കൊള്ളിക്കിഴങ്ങും മധുരക്കിഴങ്ങും വണ്ടിയിലാക്കി കിലോമീറ്ററുകള്‍ നടന്ന് വില്‍ക്കലാണ് ഇപ്പോഴത്തെ തൊഴില്‍. പത്താം വയസ്സില്‍ തുടങ്ങിയതാണ് തൊഴിലിനോടുള്ള കമ്പം. പല തൊഴിലുകള്‍ ചെയ്‌തു. എല്ലാം കടുപ്പമുള്ളവ.
ചരക്ക് നിറച്ച ഉന്തുവണ്ടി വലിക്കലായിരുന്നു ഇതിനു മുമ്പെടുത്ത തൊഴില്‍. മൂന്ന് പതിറ്റാണ്ടോളം അത് തുടര്‍ന്നു. നോക്കാന്‍ മക്കളുണ്ടെങ്കിലും തൊഴിലെടുക്കുന്നത് നിറുത്താന്‍ ഇദ്ദേഹം ഒരുക്കമല്ല. ആവതുള്ള കാലത്തോളം തുടരാനാണ് തീരുമാനം. കുണ്ടുകടവ് ജംഗ്‌ഷനില്‍ നിന്ന് കിഴങ്ങ് നിറച്ച് പൊന്നാനി അങ്ങാടിയിലെ മീന്‍ മാര്‍ക്കറ്റിന് സമീപം വില്‍ക്കലാണ് ഇപ്പോഴത്തെ തൊഴില്‍. പുലര്‍ച്ചെ ആരോടെ വണ്ടിയുമായി റോഡിലിറങ്ങും. മഴയാണെങ്കിലും മഞ്ഞാണെങ്കിലും ഇതില്‍ മാറ്റമില്ല. കടുത്ത വെയിലിലാണ് കച്ചവടം. കാണുന്നവരോടൊക്കെയും നിറുത്താതെ വര്‍ത്തമാനം പറഞ്ഞാണ് കിഴങ്ങുവണ്ടിയുമായി റോഡിലൂടെയുള്ള സഞ്ചാരം.
ലോകകാര്യങ്ങള്‍ മുതല്‍ നാട്ടുകാര്യങ്ങള്‍ വരെ അതില്‍പെടും. രാഷ്ര്‌ടീയം പറയുമ്പോള്‍ വാചാലത കൂടും. വണ്ടിയില്‍ നിറച്ച കച്ചവട ചരക്ക് തീര്‍ന്നാലെ വീടണയൂ.പൊന്നാനിയുടെ മേല്‍വിലസങ്ങളിലൊന്നാണ് ഈ മനുഷ്യന്‍. പ്രായത്തെ ആവേശം കൊണ്ട് തോല്‍പ്പിച്ച മനുഷ്യന്‍. തൊഴിലിന്റെ മഹത്വത്തെ പ്രായംകൊണ്ട് അളക്കാത്ത അപൂര്‍വ്വത. പൊന്നാനിക്കാര്‍ അതിശയത്തോടെ നോക്കി കാണുന്ന കച്ചവടക്കാരനാണ് അബ്‌ദുറഹിമാന്‍. തന്റെ ആരോഗ്യത്തിന്റെ രഹസ്യം തൊഴിലെടുക്കുന്നതിനോടുള്ള മുഹബ്ബത്താണെന്ന് അബ്‌ദുറഹിമാന്‍ പറയുന്നു.
കെ.വി. നദീര്‍
പൊന്നാനി