Saturday, March 14, 2026 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.08 AM

ആരോഗ്യം ആനന്ദം-വൈബ്‌ ഫോര്‍ വെല്‍നെസ്‌, ഹെല്‍ത്തി ലൈഫ്‌ കാമ്പയിന്‌ സ്വീകരണം നല്‍കി

uploads/news/2025/12/817986/1.jpg

മലപ്പുറം: ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ ചികിത്സയോടൊപ്പം ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലര്‍ത്തണമെന്ന്‌ കായിക വകുപ്പ്‌ മന്ത്രി വി. അബ്‌ദുറഹ്‌മാന്‍. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കായിക വകുപ്പും സംയുക്‌തമായി സംഘടിപ്പിക്കുന്ന ആരോഗ്യം ആനന്ദം- വൈബ്‌ ഫോര്‍ വെല്‍നെസ്‌, ഹെല്‍ത്തി ലൈഫ്‌ കാമ്പയിന്‌ മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കലില്‍ സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.
ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്‌ ഒരു ബദല്‍ സമൂഹത്തിന്റെ ആവശ്യമാണെന്നും ആരോഗ്യബോധവും കായിക ക്ഷമതയും വളര്‍ത്തുക എന്നതാണ്‌ ആരോഗ്യം ആനന്ദം വൈബ്‌ ഫോര്‍ വെല്‍നെസ്‌, ഹെല്‍ത്തി ലൈഫ്‌ കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്നും ജില്ലാതല പ്രചാരണ പരിപാടി ഉദ്‌ഘാടനം നിര്‍വഹിച്ച്‌ മന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്‌ ഷോയുടെയും ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തിലുള്ള സൈക്കിള്‍ റാലിയുടെയും ഫ്‌ലാഗ്‌ ഓഫ്‌ ചടങ്ങാണ്‌ മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ നിര്‍വഹിച്ചത്‌. ഇക്കഴിഞ്ഞ 26ന്‌ കാസര്‍കോട്‌ നിന്ന്‌ ആരംഭിച്ച വാഹന പ്രചാരണ ജാഥയ്‌ക്ക് ഇന്നലെ രാവിലെ 6.30ന്‌ മലപ്പുറം കോട്ടയ്‌ക്കല്‍ വൈദ്യരത്നം പി.എസ്‌. വാരിയര്‍ ആയുര്‍വേദ കോളജിലാണ്‌ സ്വീകരണം നല്‍കിയത്‌. ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദ്‌ മുഖാതിഥിയായി. കേരളം ജീവിതശൈലി രോഗങ്ങളുടെ തലസ്‌ഥാനമായി മാറുന്നത്‌ ആശങ്കാജനകമാണെന്നും അവ തടയുന്നതിന്‌ അടിയന്തര നടപടികള്‍ അനിവാര്യമാണെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഈ കാമ്പയിന്‍ പൊതുസമൂഹത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ്‌ ഖാന്‍, ഡി.എം.ഒ. (ഐ.എസ്‌.എം) ഇന്‍ ചാര്‍ജ്‌ ഡോ. പി.എ. അബ്‌ദുല്‍ സലാം, ഡി.എം.ഒ. (ഹോമിയോ) ഡോ. ഹന്നാ യാസ്‌മിന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണ, കോട്ടയ്‌ക്കല്‍ വൈദ്യരത്നം പി.എസ്‌. വാരിയര്‍ ആയുര്‍വേദ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ബിന്ദു പ്രസംഗിച്ചു. എന്‍.എച്ച്‌.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്‌ സ്വാഗതവും ജില്ലാ മീഡിയ എഡ്യൂക്കേഷന്‍ ഓഫീസര്‍ കെ.പി. സാദിഖലി നന്ദിയും പറഞ്ഞു. മലപ്പുറത്തെ സ്വീകരണത്തിന്‌ ശേഷം കോട്ടയ്‌ക്കലില്‍ നിന്നും ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ ആരംഭിച്ച റോഡ്‌ ഷോയും സൈക്കിള്‍ റാലിയും പുത്തനത്താണി, പട്ടര്‍നടക്കാവ്‌ വഴി കുറ്റിപ്പുറത്തു അവസാനിച്ചു. പുത്തനത്താണിയില്‍ പ്രചാരണ റാലിയ്‌ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ ആതവനാട്‌ ഗ്രാമപഞ്ചായത്ത്‌ അംഗം കെ.പി. മറിയാമ്മ, എം.കെ സക്കരിയ, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ മുഹമ്മദ്‌ ഖുറൈശി പ്രസംഗിച്ചു. തിരുനാവായ പട്ടര്‍നടക്കാവിലെ സ്വീകരണ ചടങ്ങ്‌ കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.
കുറ്റിപ്പുറം ബസ്‌ സ്‌റ്റാന്‍ഡിലെ സമാപന ചടങ്ങ്‌ ആബിദ്‌ ഹുസൈന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയ്‌ കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വസീമ വേളേരി മുഖ്യാതിഥിയായി. റാലിയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. ഷിബുലാല്‍, ഡോ. വി. ഫിറോസ്‌ ഖാന്‍, ഡി.പി.എം. ഡോ. ടി.എന്‍. അനൂപ്‌ ബോധവത്‌ക്കരണ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. ആയുഷ്‌ , ആരോഗ്യം, ഐ.സി.ഡി.എസ്‌, എക്‌സൈസ്‌ എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ യോഗ ഡാന്‍സ്‌, സി.പി.ആര്‍. പരിശീലനം, കോല്‍ക്കളി കളരിപ്പയറ്റ്‌, യോഗ പരിശീലനം, ന്യൂട്രീഷ്യന്‍ ക്ലാസ്‌, നാടന്‍ പാട്ട്‌, പുള്ളുവന്‍ പാട്ട്‌, സംഘഗാനം, ആശമാരുടെ ഒപ്പന, ഹെല്‍ത്തി ഫുഡ്‌ ഫെസ്‌റ്റ്, സെല്‍ഫി കോര്‍ണര്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, ആശാ വര്‍കര്‍മാര്‍, ട്രോമാ കെയര്‍ വോളണ്ടിയര്‍മാര്‍, ബസ്‌ ജീവനക്കാര്‍, പൊതു ജനങ്ങള്‍ സൈക്കിള്‍ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.

Ads by Google
Advertisement
Monday 29 Dec 2025 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW