-->
ശ്രീകണ്‌ഠാപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ പതിവ് ഗൃഹ സന്ദര്‍ശനത്തിനിടയിലാണ് തങ്ങള്‍ പഠിപ്പിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയത്. വളരെയധികം സാമ്പത്തിക ഞെരുക്കത്തിലും കിടന്നുറങ്ങാനുള്ള വീടു പോലുമില്ലാത്ത ദയനീയാവസ്‌ഥയില്‍ കഴിയുന്ന ഒരു കുടുബത്തിലെ അംഗമാണ് തങ്ങളുടെ ശിഷ്യയെന്ന് മനസിലാക്കിയ അധ്യാപകരും വിദ്യാര്‍ത്ഥികളും കുടുംബത്തിന് അന്തിയുറങ്ങാന്‍ സുരക്ഷിതമായ വീടൊരുക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ശ്രീകണ്‌ഠപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ കോമേഴ്‌സ് വിദ്യാര്‍ഥിനിക്കാണ് കൂട്ടുകാര്‍ സ്‌നേഹവീട് സമ്മാനിക്കുന്നത്. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം, റോവര്‍ റെയിഞ്ചര്‍ യൂണിറ്റുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പി.ടി.എയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്ലാസ്‌റ്റിക് ഷീറ്റ് മേല്‍ക്കൂരയാക്കിയ, അടിസ്‌ഥാന സൗകര്യങ്ങള്‍ ഏതുമില്ലാതിരുന്ന ഒരു സാഹചര്യത്തിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ കുടുംബം കഴിഞ്ഞിരുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് സ്‌റ്റാഫ് കൗണ്‍സില്‍ ചര്‍ച്ച ചെയ്‌തു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിന് പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ശുപാര്‍ശ ചെയ്‌തു. പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യം അംഗീകരിക്കുകയും പി.ടി.എ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്‌തു. അങ്ങനെ ആഗസ്‌റ്റ് 14ന് സ്‌നേഹവീട് നിര്‍മ്മാണ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി ബിജുമോന്‍ ചെയര്‍മാനും, കെ ഇബ്രാഹിം വൈസ് ചെയര്‍മാനുമായാണ് കമ്മിറ്റി രൂപീകരിച്ചത്. നാഷണല്‍ സര്‍വീസ് സ്‌കീം സംസ്‌ഥാന വ്യാപകമായി നടത്തുന്ന ഒരു പദ്ധതിയാണ് സഹപാഠിക്ക് ഒരു സ്‌നേഹവീട് എന്നത്. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് കൃത്യമായ സമയക്രമം ഉണ്ടാക്കി. ആഗസ്‌റ്റ് അവസാനവാരം ജോലികള്‍ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് കെ അഷ്‌റഫ് ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കി. വിവിധ ഇടങ്ങളില്‍നിന്ന് ഫണ്ട് കണ്ടെത്തുന്നതിന് പിടിഎ അംഗങ്ങളും അധ്യാപകരും മുന്നിട്ടിറങ്ങി. എന്‍.എസ്.എസ്, റോവര്‍, റെയിഞ്ചര്‍ യൂണിറ്റുകളിലെ അംഗങ്ങളും സജീവമായി രംഗത്തിറങ്ങി.
നാട്ടില്‍ നിന്നും വിദേശത്തുനിന്നും സഹായങ്ങള്‍ എത്തി. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വീട് നിര്‍മ്മാണ ജോലികളില്‍ സഹകരിച്ചു. അങ്ങനെ, 1050 ചതുരശ്ര അടിയുള്ള സ്‌നേഹവീട് തയ്ായറായി. രണ്ട് ബെഡ് റൂമുകള്‍, ഒരു ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, രണ്ട് ടോയ്‌ലറ്റുകള്‍ എന്നിവയാണ് ഉള്ളത്.
വൈദ്യുതീകരണവും ടൈല്‍സ് പണികളും പെയിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ ജോലികളും പൂര്‍ത്തീകരിച്ചാണ് വീട് കൈമാറുന്നത്. 10 ലക്ഷത്തിലധികം രൂപയാണ് സമാഹരിച്ച് ഉപയോഗപ്പെടുത്തിയത്. നാല് മാസത്തോളമായി ശ്രീകണ്‌ഠപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പിടിഎയും നെഞ്ചേറ്റിയ സ്വപ്‌നം ഇന്നലെ യാഥാര്‍ത്ഥ്യമായി. സഹപാഠികളെല്ലാവരും ചേര്‍ന്ന് അവരുടെ പ്രിയ കൂട്ടുകാരിയുടെ സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി. ഉത്സവാന്തരീക്ഷത്തിലാണ് പരിപാടി നടന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും നാട്ടുകാരും സന്നിഹിതരായിരുന്നു. വീട് നിര്‍മ്മാണവുമായി സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എം രാജേന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് കെ.അഷ്‌റഫ്, സ്‌നേഹവീട് നിര്‍മ്മാണ സമിതി ചെയര്‍മാന്‍ കെ.വി. ബിജുമോന്‍, ട്രഷറര്‍ വി. രാധാകൃഷ്‌ണന്‍ നന്ദിയറിയിച്ചു.
ജോസ് ചാണ്ടിക്കൊല്ലി
ശ്രീകണ്‌ഠപുരം