-->
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്‌റ്റി ആന്റ് സ്‌റ്റാന്റേഡ്‌സ് അതോറിറ്റി ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ). ഹോട്ടലുകളില്‍ കോഴിവിഭവങ്ങള്‍ വിതരണം ചെയ്യു ന്നതാണ് തടഞ്ഞത്.
ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്‌ഥര്‍ ഇറക്കിവിട്ടു എന്നാരോപിച്ച് പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി. എഫ്.എസ്.എസ്.എ.ഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ പറയുന്നു. പക്ഷിപ്പനി മൂര്‍ച്‌ഛിച്ച സാഹചര്യത്തില്‍ നാളെമുതല്‍ ഹോട്ടലുകള്‍ അടച്ചിടാനാണ് തീരുമാനം. സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച ഇടങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയില്‍ കഴിഞ്ഞദിവസം വരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. കൂടുതല്‍ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്‌ത മാക്കി. ക്രിസ്‌മസ് വിപണിക്കായി തയ്യാറെടുത്തു നില്‍ക്കുമ്പോഴാണ് കര്‍ഷകരുടെ പ്രതീക്ഷയെ തകിടം മറിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്‌ഥിരീ കരിച്ചത്.
രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. പക്ഷികള്‍ അസ്വാഭാവികമായി കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാ ശുപത്രികളില്‍ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം.
രോഗബാധിത പ്രദേശങ്ങളുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ജില്ലയില്‍ ശനിയാഴ്‌ച വരെ കള്ളിങ്ങിന് വിധേയമാക്കിയത് 24,309 പക്ഷികളെയാണ് പുന്നപ്ര തെക്ക്, പുറക്കാട്, ചെറുതന, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളില്‍ കള്ളിങ് പൂര്‍ത്തിയായി. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ 8171 പക്ഷികളെയാണ് വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. പുറക്കാട് 5813 പക്ഷികളെയും ചെറുതനയില്‍ 4300 പക്ഷികളെയും, അമ്പലപ്പുഴ തെക്കില്‍ 6025 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്.