-->
കല്‍പ്പറ്റ: വയനാട് കാണാനെത്തുന്നവരെ അപമാനിക്കുന്ന നിലപാടാണ് അധികൃതര്‍ കൈക്കൊള്ളുന്നതെന്ന് മലനാട് എക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ ആരോപിച്ചു.
വിനോദ സഞ്ചാര മേഖലയിലെ വരുമാനത്തെ ആശ്രയിച്ചാണ് നിലവില്‍ ജില്ല മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ വയനാട്ടില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നല്‍കേണ്ട അടിസ്‌ഥാന സൗകര്യങ്ങള്‍ എങ്കിലും ഒരുക്കാന്‍ അധികൃതര്‍ തയാറാകണം. ഒരു ദിവസത്തില്‍ നാലോ അഞ്ചോ കേന്ദ്രങ്ങള്‍ കാണാന്‍ പദ്ധതിയുമായാണ് സഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍ കാരാപ്പുഴയിലെ ഗതാഗത കുരുക്കില്‍ കുടുങ്ങി മണിക്കൂറുകളാണ് ഇവര്‍ക്ക് നഷ്‌ട്ടപ്പെടുന്നത്. അതിനാല്‍ തന്നെ ഇവര്‍ക്ക് മറ്റിടങ്ങളിലേക്ക് എത്താന്‍ കഴിയാതെ പോകുകയാണ്.
കാരാപുഴ പദ്ധതിയിലെ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ മാത്രമാണ് ഇത്രയും ഗുരുതരമായ ഗതാഗത തടസം ഇവിടെയുണ്ടാകാന്‍ കാരണം. കോടികള്‍ പദ്ധതി വഴി ലഭിച്ചിട്ടും അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇവര്‍ തയാറാകുന്നില്ല. എത്രയും വേഗം കാരാപ്പുഴയിലേക്കുള്ള റോഡ് വീതി കൂട്ടി നവീകരിക്കണം. പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എ. അഗസ്‌റ്റി, സെക്രട്ടറി എം.എസ്. ജെയ്‌സന്‍, ജോണി ചാക്കോ, മിനീഷ് കുഞ്ഞാനായില്‍, സണ്ണി കൊറ്റേടം, ബൈജു. കെ.വി സംസാരിച്ചു.