-->
ശബരിമല: മണ്ഡലപൂജയ്‌ക്ക് കലിയുഗവരദന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള രഥ ഘോഷയാത്ര ശരണ വീഥികളെ ഭക്‌തി സാന്ദ്രമാക്കി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട രഥഘോഷയാത്ര ഇന്നലെ ഉച്ചയോടെയാണ് പമ്പയില്‍ എത്തിയത്. 1.30ന് പമ്പയിലെത്തിയ ഘോഷയാത്രയെ പമ്പ ദേവസ്വം സ്‌പെഷ്യല്‍ ഓഫീസര്‍ സുജാത ഉദയന്‍ ,അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി. ജയകുമാര്‍, ദേവസ്വം മരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ഗണപതി ക്ഷേത്രത്തിലേക്ക് ആനയിച്ചു. വൈകിട്ട് മൂന്ന് വരെ ഗണപതി ക്ഷേത്രത്തില്‍ ഭക്‌തര്‍ക്ക് തങ്കയങ്കി ദര്‍ശിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.
പമ്പയില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തി.ഇവിടെ ദേവസ്വം എക്‌സി ക്യൂട്ടീവ് ഓഫീസര്‍ ഒ.ജി.ബിജു, അഡ്‌മിനിസ്‌ട്രേ റ്റീസ് ഓഫീസര്‍ എസ്.ശ്രീനിവാസ് ,അസി.എക്‌സിക്യുട്ടീവ് ഓഫീസര്‍ ആര്‍.ജെ ഹേമന്ത് ,സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ അരവിന്ദ് .എസ് .ജി.നായര്‍, ജൂനിയര്‍ സൂപ്രണ്ട് ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. 6.15ന്‌പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തിയപ്പോള്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍,അംഗങ്ങളായ പി.ഡി സന്തോഷ് കുമാര്‍, കെ.രാജു, സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷ്‌ണന്‍ ,ശബരിമല പോലീസ് ചീഫ് കോഡിനേറ്റര്‍ എ.ഡി.ജി.പി.എസ്.ശ്രീജിത്ത്,എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിച്ചു. തത്വമസിയുടെ പൂമുഖം കടന്നെത്തിയ തങ്കയങ്കിയെ സോപാനത്ത് തന്ത്രി കണ്‌ഠര് മഹേഷ് മോഹന രും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റു വാങ്ങി അയ്യപ്പന് ചാര്‍ത്തി. 6.30ന് ദീപാരാധനയ്‌ക്കായി നട തുറന്നപ്പോള്‍ സ്വര്‍ണ വര്‍ണ പ്രഭ ചൊരിഞ്ഞ തങ്കവിഗ്രഹം ഭക്‌തമസുകളില്‍ കുളിര്‍മഴയായി. ശരണഘോഷങ്ങളില്‍പൂങ്കാവനം ഭക്‌തിയുടെ പരകോടിയിലെത്തി. കര്‍പ്പൂരദീപ പ്രഭയില്‍ ജ്വലിച്ച് നിന്ന തിരുസന്നിധാനത്ത് ശരണം വിളി ഉയര്‍ന്നു.പുങ്കാവനത്തില്‍ പൂത്തുലഞ്ഞ് നിന്ന മരങ്ങള്‍ പൂക്കള്‍ കൊഴിച്ച് അയ്യപ്പന് പൂഷ്‌പവൃഷ്‌ടി നടത്തി.ഇന്ന് രാത്രി ഹരിവരാസനം പാടി നടയടയ്‌ക്കുന്നതോടെ മണ്ഡല കാല ഉത്സവത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും.
സന്നിധാനത്ത് നന്ദികേശ കെട്ടുരുപ്പടി ഇറക്കി കര്‍പ്പൂരാഴി
ശബരിമല: ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്ത് നന്ദികേശ കെട്ടുരുപ്പടി ഇറക്കി കര്‍പ്പൂരാഴി. പോലീസിന്റെ കര്‍പ്പൂരാഴിയുടെ ഭാഗമായി ആണ് ഒരു ഇരട്ടക്കാളയേയും ഒരു ഒറ്റക്കാളയേയും സന്നിധാനത്ത് എത്തിച്ചത്.പോലീസ് അംഗങ്ങള്‍ കാളയെ തോളിലേറ്റി ക്ഷേത്രത്തിന് വലം വച്ച് മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ എത്തിച്ച ശേഷംവടക്കേ നടവഴി വാവര്‍നടയുടെ മുന്നിലൂടെ പതിനെട്ടാം പടിയുടെ മുന്നിലെത്തി.ഇതൊടെ പോലീസിന്റെ കര്‍പ്പൂരാഴി ആഘോഷം സമാപിച്ചു.അയ്യപ്പവേഷം ധരിച്ചവരും, പന്തളം രാജാവിന്റെ വേഷം ധരിച്ചവരും തീര്‍ത്ഥാടകരുടെ മനം കവര്‍ന്നു.പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങളും കര്‍പ്പൂരാഴി ഘോഷയാത്ര യെ വര്‍ണ്ണാഭമാക്കി.