-->
ശബരിമല: ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദര്‍ശനം നടത്തിയത്. ഈ വര്‍ഷം സീസണിന്റെ തുടക്കത്തില്‍ തന്നെ ഭക്‌തരുടെ അഭൂതപൂര്‍വമായ തിരക്കിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം വിര്‍ച്വല്‍ ക്യൂവിലും, സ്‌പോട്ട് ബുക്കിംഗിലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നു.
ഇക്കുറി ഏറ്റവും കൂടുതല്‍ ആളുകള്‍ ദര്‍ശനത്തിനെത്തിയത് നട തുറന്ന് നാലുദിവസം പിന്നിട്ട നവംബര്‍ 19നാണ്; 1,02,299 പേര്‍. ഏറ്റവും കുറവു പേര്‍ എത്തിയത് ഡിസംബര്‍ 12നും; 49,738.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്‌ചകളില്‍ തിരക്കുകുറവായിരുന്നു. ഈ ഞായറാഴ്‌ച 61,576 പേരാണ് ദര്‍ശനത്തിനെത്തിയത്. ബാക്കി ദിവസങ്ങളില്‍ എണ്‍പതിനായിരത്തിനു മുകളില്‍ ഭക്‌തരെത്തി. തിങ്കള്‍-85847, ചൊവ്വ,-83845, ബുധന്‍-85388, വ്യാഴം-89729.മണ്ഡലപൂജയോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ വിര്‍ച്വല്‍ ക്യൂ വഴി ഭക്‌തരെ അനുവദിക്കുന്നതു യഥാക്രമം 30000, 35000 ആയി ചുരുക്കി. സ്‌പോട്ട്‌ബുക്കിംഗ് 2000 ആയും നിജപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്‌ച രാവിലെമുതല്‍ പമ്പയില്‍ നിന്നു ഭക്‌തരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെട്ടിത്തിയിരുന്നു. രാവിലെ ഒന്‍പതുവരെയുള്ള കണക്കനുസരിച്ച് 22, 039 പേര്‍ ദര്‍ശനം നടത്തി.