Saturday, March 14, 2026 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.12 AM

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഭാരവാഹികള്‍ ഇന്നു ചുമതലയേക്കും

uploads/news/2025/12/817720/1.jpg

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി മുസ്ലീം ലീഗിന്റെ പി.എ. ജബ്ബാര്‍ ഹാജിയും വൈസ്‌ പ്രസിഡന്റായി അഡ്വ. എ.പി.സ്‌മിജിയും ഇന്ന്‌ രാവിലെ 10ന്‌ സത്യപ്രതിജ്‌ഞ ചെയ്‌തു അധികാരമേല്‍ക്കും. മുസ്ലിം ലീഗ്‌ സംസ്‌ഥാന വര്‍ക്കിംഗ്‌ കമ്മിറ്റി അംഗമാണ്‌ ജബ്ബാര്‍ ഹാജി. അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ദളിത്‌ ലീഗ്‌ നേതാവുമായ എ.പി. ഉണ്ണികൃഷ്‌ണന്റെ മകളാണ്‌ സ്‌മിജി. മുസ്ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളാണ്‌ ഇരുവരെയും പ്രഖ്യാപിച്ചത്‌. 15 വര്‍ഷത്തിന്‌ ശേഷമാണ്‌ ജില്ലാ പ്രസിഡന്റ്‌ സ്‌ഥാനം ജനറല്‍ വിഭാഗത്തിലേക്ക്‌ വരുന്നത്‌.
വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനം ജനറല്‍ വനിത വിഭാഗത്തില്‍ ആണെങ്കിലും എസ്‌.സി അംഗമായ അഡ്വ. സ്‌മിജിയെ പരിഗണിക്കാനായിരുന്നു ലീഗിന്റെ തീരുമാനം. പരിചയ സമ്പന്നരായ വനിതാ നേതാക്കള്‍ ഉണ്ടായിരുന്നെങ്കിലും സാദിഖലി തങ്ങളുടെ പ്രത്യേക പരിഗണന പ്രകാരമാണ്‌ തീരുമാനമെന്ന്‌ ലീഗ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു. അഭിഭാഷകയായ സ്‌മിജി ഇതാദ്യമായാണ്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. താനാളൂര്‍ ഡിവിഷനില്‍ നിന്ന്‌ 6,852 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ സ്‌മിജി വിജയിച്ചത്‌. 12,791 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അരീക്കോട്‌ ഡിവിഷനില്‍ നിന്നാണ്‌ ജബ്ബാര്‍ ഹാജിയുടെ വിജയം. നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ താത്‌പര്യപെട്ടിരുന്ന ജബ്ബാര്‍ ഹാജിക്ക്‌ ജില്ലാ പഞ്ചായത്ത്‌ അദ്ധ്യക്ഷ പദവി ലീഗ്‌ നേതൃത്വം വാഗ്‌ദാനം ചെയ്‌തിരുന്നു. വേങ്ങര ഡിവിഷനില്‍ നിന്ന്‌ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രന്‍ പി.കെ.അസ്ലു ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാനാവും. ജില്ലാ പ!ഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ അസ്ലുവിന്റെ പേരും ഉയര്‍ന്നിരുന്നു.ആനക്കയം ഡിവിഷനില്‍ നിന്നുള്ള ഷാഹിന നിയാസി വികസന സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണാവും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി കെ.ടി അഷ്‌റഫിനെയും തീരുമാനിച്ചു. യാസ്‌മിന്‍ അരിമ്പ്രയാണ്‌ ഡെപ്യൂട്ടി ലീഡര്‍. ഷരീഫ്‌ കൂറ്റൂരാണ്‌ വിപ്പ്‌. ബഷീര്‍ രണ്ടത്താണിയാണ്‌ ട്രഷറര്‍. പ്രതിപക്ഷമില്ലാതെയാണ്‌ ഇത്തവണത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത്‌. ആകെയുള്ള 33 ഡിവിഷനുകളില്‍ 33ലും യു.ഡി.എഫ്‌ വിജയിച്ചു. കഴിഞ്ഞ തവണ അഞ്ച്‌ ഡിവിഷനുകളില്‍ എല്‍.ഡി.എഫ്‌ വിജയിച്ചിരുന്നു.
ജില്ലാ പഞ്ചായത്തില്‍ പത്ത്‌ അംഗങ്ങളുണ്ടായിട്ടും ഭരണസമിതിയില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന വികാരമാണ്‌ കോണ്‍ഗ്രസിന്‌. സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരെ ലീഗ്‌ ഏകപക്ഷീയമായി പ്രഖ്യാപിച്ചെന്ന ആക്ഷേപം കോണ്‍ഗ്രസിനുണ്ട്‌. ജില്ലാ പഞ്ചായത്തില്‍ മുസ്ലിം ലീഗിന്‌ 23ഉം കോണ്‍ഗ്രസിന്‌ പത്തും അംഗങ്ങളുണ്ട്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ കോണ്‍ഗ്രസിന്‌ ഇത്രയും അംഗങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ ഉണ്ടാവുന്നത്‌.
ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, രണ്ട്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷ സ്‌ഥാനങ്ങള്‍ ലീഗാണ്‌ കൈവശം വയ്‌ക്കുന്നത്‌. പൊതുമരാമത്ത്‌, ക്ഷേമകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി സ്‌ഥാനങ്ങള്‍ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ മാറ്റിവെച്ചിട്ടുള്ളത്‌. ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി, വികസനകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി എന്നിവയില്‍ ഒരെണ്ണം കൂടി ലഭിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിന്‌ ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്കുള്ള അവകാശവാദം ലീഗ്‌ നേതൃത്വം മുളയിലേ നുള്ളിയിരുന്നു.

Ads by Google
Advertisement
Saturday 27 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW