-->
മൂന്നാര്‍: എ.ഐ വ്യാജഫോട്ടോ നിര്‍മാണങ്ങള്‍ ഇപ്പോള്‍ സംസ്‌ഥാനത്തുടനീളം ചര്‍ച്ചയായിരിക്കുകയാണ്. പല പ്രമുഖരും ഇതിനോടകം ഈ പുലിവാല് പിടിക്കുകയും ചെയ്‌തു.
എന്നാല്‍ യഥാര്‍ഥത്തില്‍ പുലിവാല് പിടിച്ചിരിക്കുന്നത് മൂന്നാറിലെ വനം വകുപ്പ് ഉദ്യോഗസ്‌ഥരാണ്. രണ്ടാഴ്‌ച മുന്‍പ് ഇറങ്ങിയ എ.ഐ നിര്‍മിത വീഡിയോയില്‍ അമ്മക്കടുവയും കുഞ്ഞുങ്ങളുമായിരുന്നെങ്കില്‍ കഴിഞ്ഞദിവസം ഇറങ്ങിയ ഫോട്ടോയില്‍ കരടിയാണു താരം.
വന്യജീവിശല്യം കാര്യമായി തുടരുന്ന മൂന്നാറില്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയതായി കാണിച്ചാണ് ഇത്തരത്തിലുള്ള വ്യാജഫോട്ടോകളും വീഡിയോകളും കാര്യമായി പ്രചരിക്കുന്നത്. നാട്ടുകാര്‍ ഭീതിയിലാകുന്നതോടെ വിഷയത്തില്‍ ശരിക്കും വലയുന്നത് വനവകുപ്പ് ഉദ്യോഗസ്‌ഥരാണ്.
രണ്ടാഴ്‌ച മുന്‍പ് മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ കടുവ ഇറങ്ങിയതായി വന്ന വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം പഴയ മൂന്നാര്‍ വര്‍ഷോപ്പ് റിക്രിയേഷന്‍ ക്ലബിന് സമീപം കരടി ഇറങ്ങിയതായി കാണിച്ചുകൊണ്ടുള്ള ഫോട്ടോയും പ്രത്യക്ഷപ്പെട്ടത്.
ഇരു സ്‌ഥലങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ കാര്യമായി പരിശോധന നടത്തി. ഇതിനുശേഷമാണ് ഇത് എ.െഎ നിര്‍മ്മിതമാണെന്ന് ഉറപ്പിച്ചത്.
വിഷയത്തില്‍ വനംവകുപ്പ് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജ നിര്‍മാതാക്കളെ കാര്യമായിത്തന്നെ പിടിക്കാനാണ് അധികൃതരുടെ തീരുമാനം.