-->
കട്ടപ്പന: കട്ടപ്പന നഗരസഭാ അധ്യക്ഷനായി ജോയി വെട്ടിക്കുഴിയും വൈസ് ചെയര്‍പേഴ്‌സണായി ലീലാമ്മ ബേബിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 13 നെതിരേ 20 വോട്ടുകള്‍ നേടിയാണ് ജോയി വെട്ടിക്കുഴി നഗരസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരിയായ ഭൂപതിവ് ഡെപ്യൂട്ടി കലക്‌ടര്‍ അതുല്‍ എസ്.നാഥ് ജോയി വെട്ടിക്കുഴിക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
നിലവില്‍ യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ ജോയി വെട്ടിക്കുഴി രണ്ടാം തവണയാണ് കട്ടപ്പന നഗരസഭാധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ പ്രതിനിധിയായ വെട്ടിക്കുഴിക്ക് ആദ്യത്തെ മൂന്നു വര്‍ഷമാണ് നഗരസഭാധ്യക്ഷ പദവി ലഭിക്കുക.
അടുത്ത രണ്ടു വര്‍ഷം ഐ ഗ്രൂപ്പ് പ്രതിനിധിക്കാണ് അവസരം ലഭിക്കുക. ഉപാധ്യക്ഷ സ്‌ഥാനം ഐ ഗ്രൂപ്പിനാണ് മൂന്നു വര്‍ഷം നല്‍കുക. ഉച്ചകഴിഞ്ഞ് ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പഴ്‌സണ്‍ ആയി യു.ഡി.എഫിലെ ലീലാമ്മ ബേബി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിലെ രെജി ബിജുവിനെ 13നെതിരെ 20 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ട് എന്‍.ഡി.എ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. സജിമോള്‍ ഷാജി, ലീലാമ്മ ബേബിയുടെ പേര് നിര്‍ദേശിക്കുകയും ഷൈനി സണ്ണി പിന്താങ്ങുകയും ചെയ്‌തു. കെ.പി സുമോദാണ് രെജി ബിജുവിന്റെ പേര് നിര്‍ദേശിച്ചത്. സിജി അജേഷ് പിന്താങ്ങി. 29-ാം വാര്‍ഡായ ഐ.ടി.ഐ കുന്നില്‍നിന്ന് വിജയിച്ച ലീലാമ്മ ബേബി കഴിഞ്ഞ ഭരണസമിതിയില്‍ രണ്ടുവര്‍ഷം ആരോഗ്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായിരുന്നു. വരണാധികാരിയായ എല്‍.എ ഡെപ്യൂട്ടി കലക്‌ടര്‍ അതുല്‍ സ്വാമിനാഥ് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
ജോയി വെട്ടിക്കുഴിക്ക് നഗരസഭയില്‍ ഇത് രണ്ടാമൂഴം
കട്ടപ്പന: നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ജോയി വെട്ടിക്കുഴിക്ക് ഇത് രണ്ടാമൂഴം. പതിറ്റാണ്ടുകളായി കട്ടപ്പനയിലേ സജീവ രാഷ്ര്‌ടീയ പ്രവര്‍ത്തകനാണ് ജോയി വെട്ടിക്കുഴി. 1984 ല്‍ സര്‍വീസ് സഹകരണ ഭരണസമിതി അംഗമായി. 1985 മുതല്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
ഇതിനിടയില്‍ രണ്ടുതവണ ജില്ല സഹകരണ ബാങ്ക് ഭരണസമിതി അംഗമായി. 1988- 95 കാലയളവില്‍ പഞ്ചായത്ത് അംഗമായി. 2000-2005 കാലയളവില്‍ കട്ടപ്പന പഞ്ചായത്ത് പ്രസിഡന്റായി. 2005 -2010 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗമായി.
കട്ടപ്പന നഗരസഭയായി ഉയര്‍ന്നതോടെ അധ്യക്ഷസ്‌ഥാനവും ജോയ് വെട്ടികുഴി അലങ്കരിച്ചു. 2015 -2018 കാലയളവില്‍ നഗരസഭ അംഗവും 2018 -20 കാലയളവില്‍ അധ്യക്ഷനുമായി. 2020 - 25 കാലയളവില്‍ നഗരസഭ അംഗമായിരുന്നു. തുടര്‍നാണിപ്പോള്‍ 2025 ലേ തെരഞ്ഞെടുപ്പില്‍ വിജയിച്ച നഗരസഭ അധ്യക്ഷന്‍ സ്‌ഥാനത്തേക്ക് എത്തിയിരിക്കുന്നത്. കൂടാതെ നിലവില്‍ ഡി.സി.സി വൈസ് പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 1996 ല്‍ ഇടുക്കി നിയമസഭാ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
കട്ടപ്പനയുടെ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും മുന്‍ ഭരണസമിതി ആരംഭിച്ച പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നും ജോയി വെട്ടിക്കുഴി തെരഞ്ഞെടുപ്പിനു പിന്നാലെ പറഞ്ഞു. നഗരത്തിലെ റോഡുകള്‍, പേഴുംകവല ഷെല്‍റ്റര്‍ഹോം തുടങ്ങിയവ പൂര്‍ത്തീകരിക്കും. കല്യാണത്തണ്ട് ടൂറിസം പദ്ധതി അനുമതി ലഭിച്ചാലുടന്‍ ആരംഭിക്കും. കട്ടപ്പന താലൂക്ക് ആശുപത്രിക്ക് രണ്ടേക്കര്‍ സ്‌ഥലം ഏറ്റെടുക്കുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.