-->
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി വി.കെ മിനിമോളും ഡെപ്യൂട്ടിമേയറായി ദീപക് ജോയിയും അധികാരമേറ്റു. ആകെ 76 കൗണ്‍സിലര്‍മാര്‍ ഉള്ള കോര്‍പ്പറേഷനില്‍ 48 വോട്ടുകളായിരുന്നു യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥിയായിരുന്ന മിനിമോള്‍ക്ക് ലഭിച്ചത്. കുന്നുംപുറം ഡിവിഷനില്‍ നിന്ന് വിജയിച്ച അംബിക സുദര്‍ശനായിരുന്നു എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി.
22 വോട്ടുകളാണ് അംബികക്ക് ലഭിച്ചത്. എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥിയായിരുന്ന അമരാവതി ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. പ്രിയ പ്രശാന്തിന് ആറ് വോട്ടുകള്‍ ലഭിച്ചു.പുതിയ കോര്‍പ്പറേഷന്‍ ഓഫീസില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് ചുമതല ഏല്‍ക്കുന്ന ആദ്യ മേയറാണ് പാലാരിവട്ടം ഡിവിഷനില്‍ നിന്ന് വിജയിച്ച മിനിമോള്‍.
വലിയ ഉത്തരവാദിത്വമാണ് കൊച്ചിയിലെ ജനത ഏല്‍പ്പിച്ചിട്ടുള്ളതെന്നും അവരുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും സത്യപ്രതിജ്‌ഞക്ക് ശേഷം മിനിമോള്‍ പറഞ്ഞു.ജില്ലാ കളക്‌ടര്‍ ജി. പ്രിയങ്ക മേയര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡെപ്യൂട്ടി മേയറായ ദീപക് ജോയിക്ക് മേയര്‍ മിനിമോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.വെള്ളിയാഴ്‌ച രാവിലെ 10.30ന് മേയര്‍ തെരഞ്ഞെടുപ്പും രണ്ടരയ്‌ക്ക് ഡെപ്യൂട്ടിമേയര്‍ തെരഞ്ഞെടുപ്പും നടന്നു. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ് നടത്തിയത്. ദീപക്കിന് 48 വോട്ട് കിട്ടി. എല്‍.ഡി.എഫിലെ യേശുദാസിന് 22 വോട്ടും. എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ടി.പത്മകുമാരിക്ക് ആറ് വോട്ടും കിട്ടി.