-->
തൃപ്പൂണിത്തുറ: മ്യൂസിയം കാണുവാനായി എത്തി അധിക്ഷേപം നേരിട്ട സ്‌നേഹക്കൂടിലെ കൂട്ടുകാര്‍ സര്‍ക്കാരിന്റെ അതിഥികളായി ഇന്നലെ ഹില്‍പാലസ് മ്യൂസിയത്തില്‍ എത്തി.
രാവിലെ 10ഓടെ മ്യൂസിയത്തിലെത്തിയ ഇവരെ സ്വീകരിച്ചത് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനായിരുന്നു. മന്ത്രിക്കൊപ്പം മ്യൂസിയം നടന്നു കണ്ട സംഘം മനം നിറഞ്ഞ കാഴ്‌ച്ചകള്‍ ആസ്വദിച്ച് മനസ്സ് നിറഞ്ഞതാണ് മടങ്ങിയത്. മ്യൂസിയം ഹാളില്‍ ഒരുക്കിയ ചടങ്ങില്‍ സ്‌നേഹക്കൂടിലെ അന്തേവാസികളായ തങ്കമ്മയ്‌ക്കും വര്‍ഗീസിനുമൊപ്പം മന്ത്രി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സംഘാംഗങ്ങള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഇവര്‍ക്കായി പാട്ടുപാടിയും ചിത്രമെടുത്തുമാണ് മന്ത്രി മടങ്ങിയത്. സ്‌നേഹക്കൂട് ഡയറക്‌ടര്‍ നിഷ സ്‌നേഹക്കൂടിന്റെ നേതൃത്വത്തിലാണ് സംഘം മ്യൂസിയം സന്ദര്‍ശിക്കാനെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം ജയ്‌ക് സി.തോമസും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
വയോജനങ്ങളെ ചേര്‍ത്തു പിടിക്കുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും ഇനിയും ഇത് പോലുള്ള കൂടിക്കാഴ്‌ച്ചകള്‍ക്ക് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്‌ഥന്‍ കാണിച്ച കെടുകാര്യസ്‌ഥതയില്‍ ആ വകുപ്പിലെ എല്ലാവരും അങ്ങനെയാണെന്ന് കരുതരുതെന്നും ഇത്തരം ഇടങ്ങളില്‍ വയോജനങ്ങള്‍ക്ക് പരിഗണനയുണ്ടാകണമെന്ന ഒരു അപേക്ഷ വന്നിട്ടുണ്ടെന്നും അത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ഹില്‍പാലസ് മ്യൂസിയം സന്ദര്‍ശിക്കാനെത്തിയ സ്‌നേഹക്കൂടിലെ അന്തേവാസികളോടെ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ ക്ഷോഭിച്ചത് വാര്‍ത്തയായിരുന്നു. ആ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റുകയും ചെയ്‌തു.