-->
ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷയായി യു.ഡി.എഫിലെ മോളി ജേക്കബ് ചുമതലയേറ്റു. ജോസ് ചെല്ലപ്പന്‍ ഉപാധ്യക്ഷന്‍. നഗരസഭ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 24 വോട്ടുകള്‍ നേടിയാണ് മോളി ജേക്കബ് അധ്യക്ഷ സ്‌ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1995-2000, 2000- 2005 എന്നീ കാലഘട്ടങ്ങളില്‍ കൗണ്‍സിലര്‍, 2002-2003 കാലഘട്ടങ്ങളില്‍ ചെയര്‍പേഴ്‌സണ്‍, 2015-2020 പൊതുമരാമത്ത് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ പദവികള്‍ വഹിച്ചു.
ഇന്നലെ രാവിലെ നഗരസഭാധ്യക്ഷ സ്‌ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടകീയരംഗങ്ങളാണ് കൗണ്‍സില്‍ ഹാളില്‍ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളില്‍നിന്ന് പുറത്തുപോകണമെന്ന വരണാധികാരി ഡെപ്യൂട്ടി കലക്‌ടര്‍ ജെ. മോബിയുടെ നിര്‍ദേശം വാക്കേറ്റത്തിലും തര്‍ക്കത്തിലും കലാശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി യു.ഡി.എഫ്, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെ ഒന്നേകാല്‍ മണിക്കൂറോളം വൈകിയാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്.
സ്വതന്ത്രന്‍ ജോസ് ചെല്ലപ്പന്‍ യു.ഡി.എഫിന് വോട്ട് ചെയ്‌തു. യു.ഡി.എഫിലെ മോളി ജേക്കബ് 24 വോട്ടുനേടിയാണ് വിജയിച്ചത്. എതിര്‍സ്‌ഥാനാര്‍ഥി സി.പി.എമ്മിലെ കെ.കെ ജയമ്മ 23ഉം ബി.ജെ.പിയിലെ പ്രേമ ഉദയകുമാര്‍ അഞ്ചും വോട്ടുകള്‍ നേടി.
ഉച്ചയ്‌ക്കുശേഷം നടന്ന വൈസ്‌ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ ജോസ് ചെല്ലപ്പന്‍ 24 വോട്ടുകള്‍ നേടി വിജയിച്ചു. എതിര്‍ സ്‌ഥാനാര്‍ഥി സി.പി.ഐയിലെ ബീന ജോസഫിന് 23ഉം ബി.ജെ.പിയിലെ ടി.ജി. രാധാകൃഷ്‌ണന് അഞ്ചും വോട്ടുകളാണ് കിട്ടിയത്.
വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി. ജ്യോതിമോള്‍ രേഖപ്പെടുത്തിയ വോട്ട് അടയാളം തെളിഞ്ഞില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചെങ്കിലും പരിശോധനയില്‍ വോട്ടുറപ്പിച്ചതോടെ പ്രതിപക്ഷനിര മൗനമായി.
തൊപ്പിധരിപ്പിച്ചും ഷാള്‍ അണിയിച്ചും മധുരപലഹാരങ്ങള്‍ വിതരണം നടത്തിയുമാണ് യു.ഡി.എഫ് വിജയാഘോഷത്തെ വരവേറ്റത്. നഗരസഭശതാബ്‌ദി മന്ദിരത്തിന് മുന്നില്‍ നിന്ന് നഗരംചുറ്റിയുള്ള ആഹ്ലാദ പ്രകടനവും നടത്തി.