-->
ആലപ്പുഴ: ജില്ലയിലെ ആറു നഗരസഭകളില്‍ അഞ്ചിലും യു.ഡി.എഫ് ഭരണത്തിലേറി. ഇന്നലെ നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിവിധയിടങ്ങളില്‍ സ്വതന്ത്രരുടെ കൂടി പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ആലപ്പുഴ, കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകളിലാണ് യു.ഡി.എഫ് ഭരണം. എല്‍.ഡി.എഫിന് ചേര്‍ത്തലയില്‍ മാത്രമാണ് അധികാരത്തിലേറാനായത്. ആലപ്പുഴയില്‍ സ്വതന്ത്രന്‍ ജോസ് ചെല്ലപ്പന്റെ പിന്തുണയാലാണ് യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം സ്വന്തമാക്കിയതെങ്കില്‍ കൂടുതല്‍ സ്വതന്ത്രരുള്ള കായംകുളം നഗരസഭയിലും അവരുടെ പിന്തുണ നേടിയെടുക്കുന്നതില്‍ യു.ഡി.എഫ് വിജയം കണ്ടു.
കായംകുളത്ത് മുസ്ലിം ലീഗ് പ്രതിനിധി ശരത് ലാല്‍ ബെല്ലാരി അധ്യക്ഷനായി. കായംകുളം നഗരസഭയിലെ സ്വതന്ത്രര്‍ യു.ഡി.എഫിനൊപ്പമാണ് നിന്നത്. ഒരു സി.പി.എം കൗണ്‍സിലറുടെ വോട്ട് അസാധുവായി. ഒരു സ്വതന്ത്ര അംഗം (ഷാമില അനിമോന്‍) വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.