-->
കോട്ടയം: ജില്ലയില്‍ രണ്ടിടത്തു പക്ഷിപ്പനി സ്‌ഥിരീകരിച്ചതു കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. നഷ്‌ടപരിഹാരം കൂടുതല്‍ വേണമെന്ന ആവശ്യം ഉയര്‍ത്തുകയാണു കര്‍ഷകര്‍. കോഴി, താറാവ് എന്നിവയ്‌ക്കു മാത്രമാണു തുശ്‌ചമായെങ്കിലും നഷ്‌ടപരിഹാരം ലഭിക്കുന്നത്. നഷ്‌ടപരിഹാരത്തിന്റെ 60% കേന്ദ്രവും 40% സംസ്‌ഥാനവും വഹിക്കും. അതേസമയം, കാട, ടര്‍ക്കിക്കോഴി, വാത്ത തുടങ്ങിയവയ്‌ക്കും മുട്ടകള്‍ക്കും നഷ്‌ടപരിഹാരമില്ല. ഈ രീതിക്കു മാറ്റം വരണമെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം, ഓരോ തവണയും രോഗം സ്‌ഥിരീകരിക്കുന്ന മേഖലകളില്‍ കള്ളിങ് നടത്തി നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിലേക്കു മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തനം ഒതുങ്ങിയെന്നും ആക്ഷേപമുണ്ട്.മാഞ്ഞൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയിലെ 37,38 വാര്‍ഡുകളിലുമാണു നിലവില്‍ രോഗബാധ സ്‌ഥിരീകരിച്ചത്.
തണ്ണീര്‍ത്തടങ്ങളിലേക്കു ദേശാടനപ്പക്ഷികളുടെ വരവു കാലത്താണു പക്ഷിപ്പനി സ്‌ഥിരീകരിക്കുന്നത്. രോഗ ലക്ഷണങ്ങളോടെ ഒരു വളര്‍ത്തുപക്ഷി ചത്താല്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു കള്ളിങ് നടത്താന്‍ പത്തു ദിവസമെടുക്കും. വൈറസിനു വ്യാപന ശേഷി കൂടുതലായതിനാല്‍ ഇക്കാലയളവില്‍ രോഗം മറ്റു പക്ഷികളിലേക്കും വ്യാപിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്രിസ്‌മസ് ആഘോഷിക്കാന്‍ കോഴിയിറച്ചിയെ ആശ്രയിക്കാമെന്നു കരുതിയവര്‍ക്കും തിരിച്ചടിയായി.
കണ്‍ട്രോള്‍ റൂം തുറന്നു
കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0481 2564623.