-->
മട്ടന്നൂര്‍: ആധുനിക വൈദ്യശാസ്‌ത്രം വളര്‍ച്ചയുടെ കുതിപ്പിലേക്ക് കയറുമ്പോള്‍ ശസ്‌ത്രക്രിയ രംഗത്ത് ഏറ്റവും നൂതനമായ കാല്‍വെപ്പായി, റോബോട്ട് ഉപയോഗിച്ചുള്ള വ്യക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കണ്ണൂരില്‍ വിജയകരമായി പൂര്‍ത്തിയാക്കി. കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 12നാണ് റോബോട്ടിക് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ കക്കാട് സ്വദേശിയായ 36 വയസുള്ള രോഗിക്ക് ഭാര്യയാണ് വൃക്ക ദാനം ചെയ്‌തത്.
വ്യക്ക സ്വീകരിച്ച യുവാവിനെ വെള്ളിയാഴ്‌ച ഡിസ്‌ചാര്‍ജ് ചെയ്‌തു. റോബോട്ട് ഉപയോഗിച്ചുള്ള ശസ്‌ത്രക്രിയായതിനാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗി ആരോഗ്യവാനായി എന്നത് പ്രത്യേകതയാണ്. സങ്കീര്‍ണമായ വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയയാണ് റോബോട്ടിന്റെ സഹായത്തോടെ സൂക്ഷ്‌മമായും കൃത്യതയോടെയും ഡോക്‌ടര്‍മാര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ചെറിയ മുറിവിലൂടെ മാറ്റിവെക്കല്‍ നടത്തുവാന്‍ കഴിയുന്നുവെന്നതാണ് റോബര്‍ട്ട് ഉപയോഗിച്ചുള്ള ശസ്‌ത്രക്രിയയുടെ പ്രത്യേകത. കൂടാതെ രക്‌തസ്രാവം വളരെ കുറവായിരിക്കും. രോഗിക്ക് വേദനയും അണുബാധയും ആശുപത്രി വാസവും കുറയ്‌ക്കാനും സാധിക്കും. അതിനൂതനമായ ഡാവിഞ്ചി റോബോട്ടിക് സിസ്‌റ്റമാണ് ശസ്‌ത്രക്രിയക്കായി ഉപയോഗിച്ചത്. ദക്ഷിണേന്ത്യയില്‍ തന്നെ റോബോട്ടിക് വൃക്ക ശസ്‌ത്ര ക്രിയയില്‍ അഗ്രഗണ്യരായ ഡോ. മോഹന്‍ കേശവമൂര്‍ത്തിയുടെയും ഡോ. കാര്‍ത്തിക് റാവുവിന്റെയും സാന്നിധ്യമാണ് ഈ ചികിത്സാ രീതി കണ്ണൂരില്‍ സാധ്യമാക്കിയത്. നെഫ്രോളജിസ്‌റ്റ് ഡോ. ടോം ജോസ് കാക്കനാട്ട്, യൂറോളജിസ്‌റ്റ് ഡോ. അമല്‍ ജോര്‍ജ്, ഡോ. ടി.പി. ദില്‍ഷാദ്, ഡോ. എ.കെ. ഫയാസ്, ഡോ. കെ. അഷ്‌ഫല്‍, ഡോ. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വലിയ മെഡിക്കല്‍ ടീമിന്റെ സഹായത്തോടെയാണ് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്.
വളരെയധികം ഡയാലി സിസ് രോഗികളുള്ള കണ്ണൂര്‍ ജില്ലയില്‍ ഇവിടതന്നെ വ്യക്ക മാറ്റിവെക്കല്‍ സാധിക്കുന്നത് രോഗികള്‍ക്ക് ഏറെ സഹായകമാകും. വടക്കന്‍ കേരളത്തിലെ മെഡിക്കല്‍ രംഗത്ത് ചരിത്രപരമായ നാഴികകല്ലാണിതെന്നും ആ ശുപത്രി പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനകം വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ റോബോട്ടിക് സഹായത്തോടെ നടത്താനായത് അഭിമാന നേട്ട മാണെന്ന് കേരള ക്ലസ്‌റ്റര്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസീന്‍ അറിയിച്ചു.