-->
കട്ടപ്പന: നഗരത്തില്‍ ആവേശമായി സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്‌മസ് ആഘോഷം. വിളംബര റാലിയില്‍ സഹകരണ ആശുപത്രിയിലെ ജീവനക്കാരും സിംസിലെ നഴ്‌സിങ് വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നു. ഇടശേരി, അശോക ജംക്ഷനുകള്‍, ഗാന്ധി സ്‌ക്വയര്‍, പോലീസ് സ്‌റ്റേഷന്‍, സ്‌റ്റേറ്റ് ബാങ്ക് ജംക്ഷന്‍, ഗുരുമന്ദിരം, സെന്‍ട്രല്‍ ജംക്ഷന്‍ വഴി പുതിയ ബസ് സ്‌റ്റാന്റില്‍ റാലി സമാപിച്ചു. സഹകരണ ആശുപത്രി സ്‌ഥാപകനും ഡയറക്‌ടറുമായ സി.വി വര്‍ഗീസ് ആഘോഷം ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് കെ.യു വിനു അധ്യക്ഷനായി. നിയുക്‌ത നഗരസഭ കൗണ്‍സിലര്‍മാരായ വി.ആര്‍ സജി, ബീനാ ടോമി, കെ.പി സുമോദ് എന്നിവരെ അനുമോദിച്ചു. ഡറയക്‌ടര്‍ ബോര്‍ഡംഗങ്ങളായ കെ.ആര്‍ സോദരന്‍, എം.സി ബിജു, ടോമി ജോര്‍ജ്, ജി. ജോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോസന്‍ വര്‍ഗീസ്, എം.ഡി സജി തടത്തില്‍, സെക്രട്ടറി ശ്രുതി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവനക്കാര്‍, ഡോക്‌ടര്‍മാര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, ഫാഷന്‍ ഷോ എന്നിവയും അടൂര്‍ മെലഡി മന്ത്രയുടെ മ്യൂസിക് നൈറ്റും അരങ്ങേറി.
സോഷ്യല്‍മീഡിയ നിറഞ്ഞ് എ.ഐ. ക്രിസ്‌മസ് കാര്‍ഡുകള്‍ പോസ്‌റ്റല്‍ കാര്‍ഡുകള്‍ ഓര്‍മയായി
കട്ടപ്പന: ഡിസംബര്‍ മാസമാകുന്നതോടെ പോസ്‌റ്റ് ഓഫീസുകളില്‍ തിരക്കാകു ന്നതായിരുന്നു ചില വര്‍ഷങ്ങള്‍ മുമ്പുവരെയുള്ള കാഴ്‌ച. ജാതി- മത ഭേതമില്ലാതെ പരസ്‌പരം ക്രിസ്‌മസ് കാര്‍ഡുകള്‍ അയക്കുന്ന ശീലം ലോകമെമ്പാടും വ്യാപക മായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഈ ശീലം പതിയെ മാഞ്ഞു. ഇന്ന് സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലേക്ക് ക്രിസ്‌മസ് സന്ദേശം ചുരുങ്ങിയതോടെ ക്രിസ്‌മസ് കാര്‍ഡുകള്‍ തന്നെ ഇന്ന് കിട്ടാക്കനിയായി മാറി. ചില വര്‍ഷങ്ങള്‍ മുമ്പുവരെ ഡിസംബര്‍ മാസമാകുന്നതോടെ വ്യാപാര സ്‌ഥാപനങ്ങളില്‍ വിവിധ തരത്തിലുള്ള ക്രിസ്‌മസ് കാര്‍ഡുകള്‍ നിറയുമായിരുന്നു. മനോഹരമായ ക്രിസ്‌മസ് സന്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ വാങ്ങി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും മറ്റും അയക്കുന്നത് ഒരു ആഘോഷം തന്നെയായിരുന്നു. പല വലിപ്പത്തിലും വിലയിലും ഉള്ള കാര്‍ഡുകള്‍ വിപണിയില്‍ സുലഭമായിരുന്നു. എന്നാല്‍ ഇതെല്ലാം ഇന്ന് ഓര്‍മകള്‍ മാത്രമായിമാറി. ക്രിസ്‌മസ് കാലമായാല്‍ പോസ്‌റ്റ് മാന്‍ കാര്‍ഡുമായി വരുന്നതും കാത്തിരിക്കുന്നതും ഒരു ക്രിസ്‌മസ് ഓര്‍മയാണ്. ഇന്ന് വിപണിയില്‍ ക്രിസ്‌മസ് കാര്‍ഡുകള്‍ കാണാനില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാര്‍ഡുകള്‍ സുലഭമാണ്. വിവിധ ആപ്പുകള്‍ വഴി മനോഹരമായ കാര്‍ഡുകള്‍ ഇന്ന് രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും. എഐ ആപ്പുകളും ഇതിനായി ഉപയോഗപ്പെടു ത്തുന്നുണ്ട്. ആകര്‍ഷകമായ ഇത്തരം കാര്‍ഡുകള്‍ പരസ്‌പരം അയക്കുന്നതും ഒരു ക്രിസ്‌മസ് ആഘോഷമായിട്ടാണ് ഏവരും കാണുന്നത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും തങ്ങളുടെ ഉപയോക്‌താക്കള്‍ക്ക് ഇത്തരത്തിലുള്ള കാര്‍ഡുകള്‍ രൂപീകരിക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്. കാര്‍ഡുകള്‍ സ്വയം ഡിസൈന്‍ ചെയ്‌തെടുക്കാമെന്നതും ഓണ്‍ലൈനിലെ പ്രത്യേകതകളാണ്.