-->
മുക്കം: ചേന്ദമംഗല്ലൂര്‍ പുല്‍പ്പറമ്പ് ദറസി പ്ലഡ് ലൈറ്റ് മൈതാനിയില്‍ അരങ്ങേറിയ അഖില കേരള ഫുട്‌ബോള്‍ മത്സരത്തില്‍ പൂനൂര്‍ ജാസ് നേരോത്ത് ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിന് എയ്‌ക്കോ എരഞ്ഞിമാവിനെ പരാജയപ്പെടുത്തിയാണ് ആദ്യ ദിന മത്സരത്തില്‍ ജാസ് നേരോത്ത് വിജയം നേടിയത്.
ആദ്യ പകുതിയില്‍ പന്ത്രണ്ടാം മിനുട്ടില്‍ ജോസ് നേരോത്തിന്റെ 19 നമ്പര്‍ താരം അക്ഷയില്‍ നിന്ന് പിറന്ന ഗോളാണ് വിജയവഴി തുറന്നിട്ടത്. ആദ്യ പകുതിയിലുടനീളം ഇരുടീമുകളും തുടക്കത്തില്‍ തന്നെ കനത്ത പോരാട്ടമാണ് നടത്തിയത്. പതിനാലാം മിനുട്ടില്‍ എയ്‌ക്കോ എരഞ്ഞിമാവിന് സുന്ദരമായ നിമിഷം ലഭിച്ചങ്കിലും ജോസ് നേരോത്തിന്റെ ഗോളി തടഞ്ഞിട്ടു. ആദ്യ പകുതി തീരാന്‍ രണ്ട് മിനുട്ട് ബാക്കിയിരിക്കെ അക്ഷയ് വിണ്ടും മൂന്നേറ്റം നടത്തിയെങ്കിലും വിഫലമായി.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗ്രൗണ്ടില്‍ നിറഞ്ഞ് നിന്ന പോരാട്ടം ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ കാണികളെ ഒരോ പ്രകടനവും ആവേശഭരിതരാക്കി. ഇടക്ക് റഫറിയുടെ മഞ്ഞ കാര്‍ഡ് കാണിച്ചുള്ള മുന്നറിയിപ്പും ശ്രദ്ധേയമായി. രണ്ടാമത്തെ പകുതിയിലെ പതിമൂന്നാം മിനുട്ടില്‍ അതിസുന്ദരമായ അവസരം വീണ്ടും എയ്‌ക്കോ എരഞ്ഞിമാവിന് ലഭിച്ചപ്പോള്‍ ഗോളി തടഞ്ഞിട്ടു. ഇരു ടീമുകളിലെ ഗോളികളുടെ കരുത്ത് മഞ്ഞ് പെയ്‌തിറങ്ങുന്ന തണുപ്പില്‍ മൈതാനിയെ അക്ഷരാര്‍ഥത്തില്‍ ആവേശമാക്കിയാണ് ആദ്യദിനം കടന്ന് പോയത്. ഉദ്‌ഘാടനത്തിന്റെ ഭാഗമായി മൈതാനിയില്‍ പൂത്തിരികളുടെ പ്രകാശവിസ്‌മയവും നടത്തിയാണ് ഫുട്‌ബോള്‍ താരങ്ങളെ നാട് വരവേറ്റത്. ലിന്റോ ജോസഫ് എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാന്‍ ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ലാന്‍ഡ്‌സ് റിയല്‍ എസ്‌റേററ്റ് കേരള ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍ട്രല്‍ ഡയറക്‌ടര്‍ ഇ.പി അബ്‌ദുറഹിമാന്‍ വിശിഷ്‌ടാതിഥിയായി. കൗണ്‍സിലര്‍ ഷഫീഖ് മാടായി, നിയാസ് ചികിത്സ സഹായ സമിതി ചെയര്‍മാന്‍ സുബൈര്‍ കൊടപ്പന, സംഘാടക സമിതി ഭാരവാഹികളായ മുഹമ്മദ് മോഡ, സി.കെ വഹാബ് എന്നിവര്‍ സംസാരിച്ചു.