-->
ആലപ്പുഴ: ജില്ലയിലെ ചില പ്രദേശങ്ങളില്‍ വളര്‍ത്തുപക്ഷികളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുകളുമായി ആരോഗ്യ വകുപ്പ്. പ്രതിരോധശീലങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.ചത്ത പക്ഷികള്‍, രോഗബാധ സംശയിക്കുന്ന പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍ ഇവയുമായി ഇടപഴകുമ്പോഴും കൂട് വൃത്തിയാക്കുമ്പോഴും കൈയുറ, കാലുറ, മാസ്‌ക് എന്നിവ ധരിക്കുക. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ചത്ത പക്ഷികളെ ആഴത്തില്‍ കുഴിച്ചുമൂടണം. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത കേന്ദ്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മുട്ട, മാംസം എന്നിവയുടെ ഉപയോഗവും വിപണനവും പാടില്ല. കാഷ്‌ഠം വളമായി ഉപയോഗിക്കാനും പാടില്ല. രോഗബാധ സംശയിക്കുന്ന പക്ഷികളുമായി അകലം പാലിക്കുക. വളര്‍ത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്തു വീഴുകയോ രോഗബാധ സംശയിക്കുകയോ ഉണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക. ചത്ത പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കൃത്യമായി കുഴിച്ചുമൂടാത്തതും രോഗവ്യാപനത്തിന് ഇടയാക്കും. പക്ഷികളുടെ സ്രവങ്ങള്‍, കാഷ്‌ഠം, മലിനമായ പ്രതലങ്ങള്‍ ഇവയിലൂടെ രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിരീക്ഷണ പരിധിയില്‍ ഉള്ളവര്‍ക്ക് പനി ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക. നിര്‍ദ്ദേശാനുസരണം പ്രതിരോധ മരുന്ന് കഴിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പക്ഷിപ്പനി വെറ്ററിനറി വകുപ്പിന്റെ അനാസ്‌ഥ മൂലമെന്ന് കര്‍ഷക കോണ്‍ഗ്രസ്
ആലപ്പുഴ: സംസ്‌ഥാനത്ത് നിരന്തരമായി പക്ഷിപ്പനി ഉണ്ടാകുന്നത് സംസ്‌ഥാന വെറ്ററിനറി വകുപ്പിന്റെ കാര്യക്ഷമത കുറവ് മൂലമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി. കാലാകാലങ്ങളിലായി വളര്‍ത്തു പക്ഷികളുടെ രോഗനിര്‍ണയത്തിന് പൂനെയിലുള്ള വൈറോളജി ലാബിനെയാണ് സംസ്‌ഥാന സര്‍ക്കാര്‍ ആശ്രയിക്കുന്നത്. ഇത് വേഗത്തിലുള്ള രോഗ നിര്‍ണയത്തിനും പ്രതിരോധത്തിനും കാലതാമസം ഉണ്ടാക്കുന്നു.
ആലപ്പുഴയിലെയും പരിസര ജില്ലകളിലെയും അടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ ക്രിസ്‌മസും പുതുവത്സരവും ലക്ഷ്യമാക്കി വ്യവസായ അടിസ്‌ഥാനത്തില്‍ വളര്‍ത്തുന്ന താറാവുകള്‍ അടക്കമുള്ള വളര്‍ത്തു പക്ഷികളാണ് ചാകുന്നത്. ഫാമുകളിലും കൊയ്‌ത്തു കഴിഞ്ഞ പാടശേഖരങ്ങളിലും രൂപപ്പെടുന്ന പക്ഷിപ്പനിയെ കണ്ടെത്തി നിയന്ത്രിക്കാന്‍ ആവശ്യമായ വൈറോളജി ലാബുകള്‍ കേരളത്തില്‍ സ്‌ഥാപിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പന്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു പറഞ്ഞു.
അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ചിറപ്പുറത്ത് മുരളി., ജില്ലാ വൈസ് പ്രസിഡന്റ് തോമസുകുട്ടി മുട്ടശേരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സാബു വെള്ളാപ്പള്ളി, ടി.എസ് മോഹനന്‍ പിള്ള, ബിജു തണല്‍, പാപ്പച്ചന്‍ കരുമാടി എന്നിവര്‍ പ്രസംഗിച്ചു.