-->
നിലമ്പൂര്‍: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യു.ഡി.എഫിനുണ്ടായ സമ്പൂര്‍ണ്ണ വിജയം അഭിമാനകരമാണെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍എം.എല്‍.എ. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭയിലും വിജയം നേടാനുള്ളപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയെ അഭിനന്ദിക്കുകയാണെന്നും വ്യക്‌തമാക്കി. നിയോജകമണ്ഡലത്തിലെ വിജയിച്ച യു.ഡി.എഫ്. ജനപ്രതിനിധികള്‍ക്ക് എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ആദരവായ സമാരംഭം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലേക്ക് വിജയിച്ച 153 യു.ഡി.എഫ്. ജനപ്രതിനിധികള്‍ക്ക് ആദരവിനൊപ്പം ഉപഹാരവും നല്‍കി. വിജയത്തില്‍ അഹങ്കരിക്കാതെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ പറഞ്ഞു.
ജനപ്രതിനിധികളായവര്‍ നിലമ്പൂരിന്റെ വികസനത്തിനായി പരാജയപ്പെട്ടവരെയും ചേര്‍ത്ത് നിര്‍ത്തി പ്രവര്‍ത്തിക്കണം. വിജയിപ്പിച്ച പാര്‍ട്ടിയെയും മുന്നണിയെയും മറക്കരുതെന്നും അദ്ദേഹം വ്യക്‌തമാക്കി. ചടങ്ങില്‍ യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ ഇഖ്‌ബാല്‍ മുണ്ടേരി ആധ്യക്ഷം വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്‌മയില്‍ മൂത്തേടം, വി.എ. കരീം, എന്‍.എ. കരീം, അഡ്വ. ബാബു മോഹനക്കുറുപ്പ്, പാലോളി മെഹബൂബ്, ബാബു തോപ്പില്‍, എ. ഗോപിനാഥ്, കൊമ്പന്‍ ഷംസുദ്ദീന്‍, പാനായി ജേക്കബ്, പത്മിനി ഗോപിനാഥ് പ്രസംഗിച്ചു.