-->
കണ്ണൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരിക്കുന്നതെന്ന് എസ്.ടി.യു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. വിളവെടുപ്പ് സമയങ്ങളില്‍ 60 ദിവസം തൊഴിലുറപ്പ് പാടില്ലെന്നുള്ള നിബന്ധന നിലവില്‍ പദ്ധതിയിലുള്ള 22 ലക്ഷം തൊഴിലാളികളുടെ തൊഴില്‍ദിനങ്ങള്‍ കുറക്കുകയും വര്‍ഷത്തില്‍ നൂറുദിവസത്തെ തൊഴിലുറപ്പ് എന്ന പദ്ധതിയുടെ സ്‌ഥാപനോദ്യേശത്തെ ഗണ്യമായി ബാധിക്കുകയും ചെയ്യും. പദ്ധതിയുടെ 40 ശതമാനം സംസ്‌ഥാനം വഹിക്കണമെന്ന നിബന്ധന സംസ്‌ഥാനങ്ങളെ പദ്ധതിയില്‍ നിന്ന് പിറകോട്ടടിപ്പിക്കും. 29 തൊഴില്‍ നിയമങ്ങളെ റദ്ദാക്കി വെറും നാല് ലേബര്‍ കോഡുകള്‍ വച്ച് തൊഴിലുടമകളുടെ ചൂഷണത്തെ എളുപ്പമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ് തൊഴിലുറപ്പിനെ ദ്രോഹിക്കുന്ന ഈ നടപടിയുമെന്ന് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
പോരാട്ടം, അതീജീവനം, മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി മാസാവസാനം കോഴിക്കോട്ട് തുടങ്ങുന്ന എസ്.ടി.യു. സംസ്‌ഥാനസമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഡിസംബര്‍ 30ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ തലത്തിലും ജനുവരി ആദ്യവാരം അഞ്ച് മേഖലകളിലും കണ്‍വെന്‍ഷനുകള്‍ നടത്താനും യോഗം തീരുമാനിച്ചു. സംസ്‌ഥാനസമ്മേളനത്തിന്റെ പോസ്‌റ്ററുകള്‍ പ്രദര്‍ശിപ്പിച്ച് ദേശിയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ആലിക്കുഞ്ഞി പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശാജിര്‍ ചാലാട് സ്വഗതം പറഞ്ഞു. ട്രഷറര്‍ പി.കെ. സീനത്ത്, സി. ഉമ്മര്‍, പി. ഹംസ ഹാജി, പാലക്കല്‍ അലവി, ശാക്കിര്‍ ആയിക്കര, സി.പി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.