-->
കലയന്താനി: ഡിജിറ്റല്‍ യുഗത്തിലെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്കും ഇ മെയിലുകള്‍ക്കും ഇടയില്‍ വഴിമാറിപ്പോയ ആ പഴയ ഇന്‍ലന്റ് കത്തുകള്‍ കലയന്താനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് വീണ്ടും വിരുന്നെത്തി. പുതുവത്സരാശംസകള്‍ വെറും തമാശകളോ ഫോര്‍വേഡ് മെസേജുകളോ ആകുന്ന കാലത്ത്, സ്വന്തം കൈപ്പടയില്‍ സുഹൃത്തിന് കത്തെഴുതിക്കൊണ്ട് ഒരു വലിയ മാറ്റത്തിനാണ് സ്‌കൂള്‍ തുടക്കം കുറിച്ചത്. അക്ഷരങ്ങള്‍ വിരിയിച്ച ആവേശം 'ഹൃദയപൂര്‍വം സുഹൃത്തിന്' എന്ന പേരില്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ആവേശത്തോടെ പങ്കുചേര്‍ന്നു.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ മാഞ്ഞുപോകുന്ന ഡിജിറ്റല്‍ സന്ദേശങ്ങളേക്കാള്‍, ഒരു ആയുസ് മുഴുവന്‍ സൂക്ഷിച്ചുവെക്കാന്‍ കഴിയുന്ന കത്തുകളുടെ മൂല്യം കുട്ടികള്‍ തിരിച്ചറിഞ്ഞു. പ്രിയ സുഹൃത്തിന്റെ വിശേഷങ്ങള്‍ തിരഞ്ഞും അവരുടെ നന്മകള്‍ പറഞ്ഞും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നും എഴുതിയ ഓരോ വരികളും സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു.
മനസുകള്‍ ചേര്‍ത്തുവെക്കുന്നവയായി ഇന്‍ലന്റ് കത്തുകള്‍. മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ നഷ്‌ടമാകുന്ന വൈകാരികതയും ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പവും വീണ്ടെടുക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് മാനേജര്‍ റവ. ഡോ. ജോര്‍ജ് താനത്ത് പറമ്പില്‍ പറഞ്ഞു.
ഡിജിറ്റല്‍ സന്ദേശങ്ങള്‍ എളുപ്പത്തില്‍ ഇല്ലാതായേക്കാം, എന്നാല്‍ ഒരു കത്ത് വര്‍ഷങ്ങളോളം സൂക്ഷിച്ചു വെക്കാം. ഒരാള്‍ക്ക് വേണ്ടി സമയം മാറ്റിവെച്ച് കത്തെഴുതുന്നത് അവര്‍ നമുക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് തെളിയിക്കുന്നു.
പ്രിയപ്പെട്ട ഒരാളുടെ കൈപ്പടയിലുള്ള കത്ത് ലഭിക്കുന്നത് അത് നല്‍കുന്ന മാനസിക സന്തോഷം വാക്കുകള്‍ക്ക് അപ്പുറമാണെന്നാണ് ഹെഡ്‌മാസ്‌റ്റര്‍ ഫാ. ആന്റണി പുലിമലയിലിന്റെ അഭിപ്രായം. മറന്നുപോയ ഒരു ഗൃഹാതുരത്വം കുട്ടികളിലൂടെ തിരികെ വരുന്നത് കണ്ട മാതാപിതാക്കളും വലിയ പിന്തുണയാണ് നല്‍കിയത്.
ആശയവിനിമയം വെറുമൊരു സാങ്കേതിക വിദ്യയല്ല, മറിച്ച് അത് ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധമാണെന്ന് ഈ പരിപാടിയിലൂടെ കുട്ടികള്‍ക്ക് ബോധ്യപ്പെട്ടു. ഡിജിറ്റല്‍ തിരക്കുകള്‍ക്കിടയില്‍ സൗഹൃദത്തിന്റെ ഊഷ്‌മളത തൊട്ടറിയാന്‍ ഈ കൊച്ചു കുട്ടികള്‍ പഠിപ്പിച്ച പാഠം വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് മാതാപിതാക്കളും പറയുന്നു.
കത്ത് അയക്കല്‍ ഇല്ലാതാകുന്ന, പോസ്‌റ്റ് ബോക്‌സ് തുറക്കല്‍ ചടങ്ങു മാത്രമായി മാറുന്ന ഇക്കാലത്ത് ഇത്രയും കുട്ടികള്‍ കൂട്ടുകാര്‍ക്ക് ഇന്‍ലന്റില്‍ കത്തെഴുതിയതും പോസ്‌റ്റ് ഓഫീസില്‍ എത്തി പോസ്‌റ്റ് ചെയ്‌തതും അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് കലയന്താനി പോസ്‌റ്റ് ഓഫീസിലെ പോസ്‌റ്റ്മാസ്‌റ്റര്‍ അമീന മുംതാസ് പറഞ്ഞു. മിക്കവാറും കുട്ടികള്‍ ആദ്യമായാണ് ഇന്‍ലന്റ് കാണുന്നതും കത്തെഴുതുന്നതും. തപാല്‍ സംവിധാനത്തെക്കുറിച്ച് കുട്ടികള്‍ മനസിലാക്കുന്നതിനും പരസ്‌പര സൗഹൃദവും നന്‍മകളും വളര്‍ത്തുന്നതിനും ഉപകരിക്കുന്ന ഈ സംരംഭം മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു. തപാല്‍ സംവിധാനത്തെ പരിചയപ്പെടുത്തുക, ആധുനിക സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് സ്വന്തം കൈപ്പടയില്‍ കത്ത് എഴുതി ക്രിസ്‌മസ്-നവവത്സര ആശംസകള്‍ നേരുക, കൂട്ടുകാരിലെ നന്‍മകള്‍ കണ്ടെത്താനും പ്രോത്സാ ഹിപ്പിക്കാനും പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്രിസ്‌മസ് - പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി കലയന്താനി സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൃദയപൂര്‍വം സുഹൃത്തിന് പദ്ധതി നടപ്പാക്കിയത്.
കലയന്താനി പോസ്‌റ്റ് ഓഫീസില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ഇത്രയും എണ്ണം ഇന്‍ലന്റ് ലഭ്യമായിരുന്നില്ലെങ്കിലും പോസ്‌റ്റ് ഓഫീസ് അധികൃതര്‍ ഉത്സാഹപൂര്‍വം സഹകരിക്കുകയും ആവശ്യമായ ഇന്‍ലന്റ് ലഭ്യമാക്കുകയും ചെയ്‌തു. നറുക്കെടു പ്പിലൂടെ ലഭിച്ച സുഹൃത്തുക്കള്‍ക്ക് അവരറിയാതെയാണ് ആശംസകള്‍ എഴുതി വീട്ടിലേക്ക് കത്ത് അയച്ചത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ക്ലാസ് ടീച്ചേഴ്‌സിന്റെ നേതൃത്വവും മേല്‍നോട്ടവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കത്തെഴുതി പോസ്‌റ്റ് ചെയ്‌തു. ഇനിയവര്‍ കാത്തിരിക്കുകയാണ് സ്വന്തം മേല്‍വിലാസത്തില്‍ ആദ്യമായൊരു കത്ത് വീട്ടില്‍ പോസ്‌റ്റ്മാന്‍ എത്തിച്ചു നല്‍കുന്ന ദിനത്തിനായി. ഒപ്പം തങ്ങള്‍ക്ക് കത്തെഴുതിയ കൂട്ടുകാര്‍ ആരെന്ന് അറിയുന്നതിനും അവര്‍ തന്നില്‍ കണ്ടെത്തിയ നന്‍മകള്‍ ഏതെന്ന് അറിയുന്നതിനും ആകാംക്ഷാപൂര്‍വം.