Saturday, March 14, 2026 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.01 AM

ശ്രീനിവാസന്റെ ഓര്‍മയില്‍ ബിജു

uploads/news/2025/12/817299/2.jpg

കട്ടപ്പന: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ ഓര്‍മയില്‍ ജൈവകര്‍ഷകന്‍ ബിജു. 2013ല്‍ ബ്രോക്കോളി എന്ന പച്ചക്കറി ഉല്‍പ്പന്നം തേടി ശ്രീനിവാസന്‍ ഇടുക്കി കട്ടപ്പന ഇരട്ടയാറ്റില്‍ ചുക്കുറുമ്പേല്‍ ബിജുവിനെ തേടിയെത്തുകയായിരുന്നു. ഇരട്ടയാര്‍ നാങ്ക്‌ തൊട്ടിയിലെ സ്വകാര്യ നഴ്‌സറിയിലാണ്‌ ശ്രീനിവാസന്‍ എത്തിയത്‌. 12 വര്‍ഷം മുമ്പ്‌ തന്റെ പച്ചക്കറി നഴ്‌സറിയില്‍ എത്തിയ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്‌ നഴ്‌സറി ഉടമയായ ബിജു. കാന്‍സറിനെ പ്രതിരോധിക്കാനുള്ള പച്ചക്കറിത്തൈ തേടിയാണ്‌ ശ്രീനിവാസന്‍ എത്തിയത്‌. അന്ന്‌ കേരളത്തില്‍ അപൂര്‍വമായി കാണുന്ന ഈ പച്ചക്കറി ബിജുവിന്റെ നഴ്‌സറിയില്‍ ഉണ്ടെന്ന്‌ അറിഞ്ഞതാണ്‌ ശ്രീനിവാസന്‍ ബിജുവിനെ ഫോണിലൂടെ ബന്ധപ്പെടുന്നത്‌. ആ സമയം ബിജു ശബരിമലയില്‍ ആയിരുന്നു. തന്നെ ആരെങ്കിലും കബളിപ്പിക്കാനായിരിക്കും വിളിക്കുന്നതെന്നാണ്‌ ആദ്യം ബിജുവിന്‌ തോന്നിയത്‌. എന്നാല്‍ കബളിപ്പിക്കല്‍ അല്ല താന്‍ യഥാര്‍ഥ നടന്‍ ശ്രീനിവാസന്‍ തന്നെയാണെന്ന്‌ ബിജുവിനെ അദ്ദേഹം ബോധ്യപ്പെടുത്തി. തുടര്‍ന്ന്‌ ഇവിടേക്ക്‌ വരുന്നുണ്ടെന്ന്‌ പറയുകയും ചെയ്‌തു. അങ്ങനെ 2013 ഡിസംബര്‍ മാസം പതിമൂന്നാം തീയതി ശ്രീനിവാസന്‍ ഇരട്ടയാര്‍ നാങ്ക്‌ തൊട്ടിയിലുള്ള ബിജുവിനെ സി.ആര്‍ നഴ്‌സറിയില്‍ എത്തി.
പ്രദേശത്തെ വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും പ്രദേശവാസികളും നാട്ടുകാരും ഉള്‍പ്പെടെ ശ്രീനിവാസിനെ സ്വീകരിക്കാന്‍ ഇവിടെ അന്ന്‌ ഉണ്ടായിരുന്നു. രാവിലെ വീട്ടിലെത്തിയ ശ്രീനിവാസന്‍ പച്ചക്കറി ഉല്‍പാദനം കൃഷിരീതികള്‍ എന്നിവ നേരില്‍ കണ്ടും ചോദിച്ചും അറിഞ്ഞു. ഇതിനുശേഷം ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ്‌ ഇവിടെനിന്നും മടങ്ങിയത്‌. തിരികെ പോകുമ്പോള്‍ ബ്രോക്കോളിയുടെ ഉള്‍പ്പെടെയുള്ള തൈകളും ശ്രീനിവാസന്‍ വാങ്ങി വീട്ടിലേക്ക്‌ കൊണ്ടുപോയി. ഇതിനുശേഷം ബിജുവും ശ്രീനിവാസനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്‌ കൂടുതല്‍ ദൃഢതയും കൈവന്നു. 12 തവണ ശ്രീനിവാസന്റെ വീട്ടില്‍ ചെല്ലുകയും പിന്നീട്‌ ബിജുവിന്റെ പച്ചക്കറിത്തൈകള്‍ ശ്രീനിവാസന്‍ വാങ്ങുകയും ചെയ്‌തിട്ടുണ്ട്‌. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മരുന്നാകണം എന്നാണ്‌ അന്ന്‌ ശ്രീനിവാസന്‍ നഴ്‌സറിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട്‌ വ്യക്‌തമാക്കിയത്‌. മലയാളികള്‍ ജൈവ പച്ചക്കറി കൃഷിയിലേക്ക്‌ കടക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു എന്ന്‌ ശ്രീനിവാസന്‍ പറഞ്ഞതായും ബിജു പറയുന്നു. ഇതോടൊപ്പം ഒരു ഉപദേശവും നല്‍കിയാണ്‌ ശ്രീനിവാസന്‍ അന്ന്‌ മടങ്ങിയത്‌.
ഈ ഫാം ചില സമയങ്ങളില്‍ നഷ്‌ടത്തില്‍ എത്തിയേക്കാം എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ മുന്നോട്ട്‌ പോയി ജൈവ പച്ചക്കറി കൃഷി ജീവിതത്തിന്റെ ഭാഗമാക്കണം എന്ന സന്ദേശം സമൂഹത്തിന്‌ നല്‍കണം എന്നും പറഞ്ഞാണ്‌ ശ്രീനിവാസന്‍ തന്റെ കൃഷിയിടത്തില്‍നിന്നും മടങ്ങിയതെന്നും ബിജു ഓര്‍ത്തെടുക്കുന്നു.

Ads by Google
Advertisement
Tuesday 23 Dec 2025 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW