-->
കൊച്ചി: വിസ്‌മയമായി 3000 പാപ്പാഞ്ഞികളും മുന്നൂറു മാലാഖമാരും അണിനിരന്ന വൈറ്റില-കടവന്ത്ര മൂന്നാമത് വിസ്‌മയരാവ്. കഴിഞ്ഞ മൂന്നു വര്‍ഷവും കൊച്ചിയില്‍ സഭൈക്യത്തിന്റെ വസന്തം വിരിയിച്ച വിസ്‌മയരാവ് എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്‌തവസഭകളിലെ ഒന്‍പതു പള്ളികളിലെ വിശ്വാസികളും പ്രദേശത്തുള്ള നാനാജാതി മതസ്‌ഥരും ചേര്‍ന്നാണ് അണിയിച്ചൊരുക്കിയത്.
എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ നിന്ന് തുടങ്ങിയ റാലി ടി.ജെ വിനോദ് എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. അസി. കമ്മീഷണര്‍ സിബി ടോം റാലി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഫാ. അലക്‌സ് തോമസിന്റെ പ്രാര്‍ത്ഥനയ്‌ക്കു ശേഷം റവ. രഞ്‌ജു വര്‍ഗീസ് മാത്യു ക്രിബ് അനാവരണം ചെയ്‌തു.
ജനറല്‍ കണ്‍വീനറും ഫാത്തിമ മാതാ ചര്‍ച്ച് വികാരിയുമായ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്ന് ദീപംതെളിച്ച് ഈ എക്യുമെനിക്കല്‍ സംഗമത്തിന് തുടക്കം കുറിച്ചു. വിസ്‌മയരാവ് ചെയര്‍മാന്‍ ജറുസലേം മാര്‍ത്തോമ്മാ പള്ളി വികാരി ഫാ. കെ.ജി ജോസഫ് അധ്യക്ഷത വഹിച്ചു. മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്‌റ്റീസ് ജെ. ബി കോശി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിഎസ്‌ഐ സഭ കൊച്ചി മെത്രാന്‍ റൈറ്റ്. റവ.കുര്യന്‍ പീറ്റര്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ടി.ജെ വിനോദ് എം എല്‍ എ സ്‌മരണിക പ്രകാശനം ചെയ്‌തു. സെന്റ് പാട്രിക് ചര്‍ച്ച് വികാരി ഫാ. സോജന്‍ തോപ്പില്‍ സ്‌മരണിക ഏറ്റുവാങ്ങി. ഫാ.സ്‌റ്റീഫന്‍ ചാലക്കര എഡിറ്റോറിയല്‍ അവതരിപ്പിച്ചു.
സി.എസ്.ഐ ക്രൈസ്‌റ്റ് ചര്‍ച്ച് വികാരി റവ. പി.കെ. മാമ്മന്‍ ഹെനോസിസ് മൊമന്റോ വിശിഷ്‌ടാതിഥികള്‍ക്ക് സമ്മാനിച്ചു. 9 പള്ളികള്‍ക്കുള്ള മൊമന്റോ വിതരണം സെന്റ് ജോസഫ് പള്ളി വികാരി ഫാ.ജോസഫ് കണിയാംപറമ്പില്‍ നിര്‍വഹിച്ചു.