-->
പനമരം: നെല്ല് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വന്യമൃഗശല്ല്യം രൂക്ഷമായ നഞ്ചപാടങ്ങളില്‍ കാവല്‍ ശക്‌തമാക്കിയിരിക്കുകയാണ് കര്‍ഷകര്‍. വിളവെടുപ്പിനു മണിക്കുറുകള്‍ മാത്രം ബാക്കിനില്‍ക്കെ കാട്ടാന, കാട്ടുപന്നി, മാന്‍ അടക്കമുള്ളവയുടെ ശല്യം രൂക്ഷമായ പാടശേഖരങ്ങളിലെ കര്‍ഷകരാണ് ഇവയുടെ ശല്യം പ്രതിരോധിക്കാന്‍ രാത്രി കാവല്‍ ശക്‌തമാക്കിയത്.
വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നെല്‍ക്കൃഷിയിലിറങ്ങി വിളവെടുപ്പിന് പാകമായ നെല്‍ക്കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു തുടങ്ങിയതോടെ വനത്തോടു ചേര്‍ന്നുള്ള പ്രദേശത്തെ കര്‍ഷകര്‍ മുളങ്കൂട്ടത്തിനും മുകളിലും മറ്റും ഏറുമാടങ്ങള്‍ സ്‌ഥാപിച്ചു കാവല്‍ ഇരിക്കുമ്പോള്‍ വിശാലമായ പാടശേഖരത്തെ കര്‍ഷകര്‍ നിലത്ത് മാടങ്ങള്‍ നിര്‍മിച്ചു സമീപം തീ കുട്ടിയാണു കാവല്‍. പകല്‍ മയിലും മാനും കുരങ്ങും കിളികളുമാണ് ശല്ല്യക്കാരെങ്കില്‍ രാത്രി കാട്ടാനയും, പന്നിയുമാണ് കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്.
കാവല്‍ ഇല്ലെങ്കില്‍ ഒരു മണി നെല്ല് പോലും കൊയ്‌തെടുക്കാന്‍ പറ്റാത്ത അവസ്‌ഥയാണുളളത്. ഒരു മാടത്തില്‍ കാവലിനായി ചുരുങ്ങിയത് 2 പേര്‍ കാണും. ഇതിനിടെ കാവല്‍ക്കാര്‍ ഒന്നു മയങ്ങിപ്പോയാല്‍ ഒരു സീസണിലെ അധ്വാനം മുഴുവന്‍ വന്യമൃഗങ്ങള്‍ അകത്താക്കും. കര്‍ഷകര്‍ക്ക് അറിയാവുന്ന രീതിയിലുളള പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാം പ്രയോഗിക്കാറുണ്ടെങ്കിലും അടുത്തിടെ ഇറങ്ങുന്ന കാട്ടാനകള്‍ ഇതെല്ലാം നശിപ്പിച്ചാണു കൃഷിയിടത്തിലെത്തുന്നത്. ഒരു ഹെക്‌ടറിലെ നെല്‍ക്കൃഷി നശിപ്പിച്ചാല്‍ കര്‍ഷകന് ലഭിക്കുന്നത് തുച്‌ഛമായ നഷ്‌ടപരിഹാരമാണ്. ഇതുകൊണ്ടുതന്നെ പല കര്‍ഷകരും വന്യമൃഗശല്യം മൂലം കൃഷി നശിച്ചാലും അപേക്ഷ നല്‍കാന്‍ പോലും പോകാറില്ല. വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൃഷി പൂര്‍ണമായും നിലക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.