-->
തൊടുപുഴ: തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി തൊടുപുഴയില്‍ 38 അംഗ കൗണ്‍സില്‍ അധികാരമേറ്റു. നഗരസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് നൂറുകണക്കിന് ജനങ്ങളുടെ സാന്നിധ്യ ത്തില്‍ നടന്നു. തൊടുപുഴ നഗരസഭ ടൗണ്‍ഹാളിലായിരുന്നു സത്യപ്രതിജ്‌ഞാ ചടങ്ങ് സംഘടിപ്പിച്ചത്. 25-ാം വാര്‍ഡില്‍നിന്ന് വിജയിച്ച മുതിര്‍ന്ന അംഗം പി.ആര്‍.വിജയകുമാരി ഇടുക്കി സബ് കലക്‌ടര്‍ അനൂപ് ഗാര്‍ഗ് മുമ്പാകെ സത്യ പ്രതിജ്‌ഞ ചെയ്‌തു. തുടര്‍ന്ന് വിജയകുമാരി മറ്റ് 37 അംഗങ്ങള്‍ക്ക് സത്യ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
മൂന്നുപേര്‍ ദൃഢപ്രതിജ്‌ഞയും മറ്റുള്ളവര്‍ ദൈവനാമത്തിലുമാണ് സത്യപ്രതിജ്‌ഞ എടുത്തത്. ടൗണ്‍ഹാളില്‍ തിങ്ങി നിറഞ്ഞ ജനങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ ബന്ധുക്കളും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. സത്യപ്രതിജ്‌ഞ പൂര്‍ത്തിയായതിനു ശേഷം മുതിര്‍ന്ന അംഗം പി.ആര്‍.വിജയകുമാരിയുടെ അധ്യക്ഷതയില്‍ പുതിയ ഭരണസമിതിയുടെ പ്രഥമ കൗണ്‍സില്‍ യോഗം ചേര്‍ന്നു.
കഴിഞ്ഞ തവണ അംഗങ്ങളായിരുന്ന ചെയര്‍മാന്‍ കെ.ദീപക്, വൈസ് ചെയര്‍പഴ്‌സണ്‍ പ്രഫ.ജെസി ആന്റണി, ആര്‍.ഹരി, സഫിയ ജബ്ബാര്‍, സാബിറ ജലീല്‍, കവിത അജി, സി.ജിതേഷ് എന്നിവര്‍ പുതിയ കൗണ്‍സിലിലും ഉണ്ട്. 26ന് പുതിയ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരെ തെരഞ്ഞെടുക്കും.
18 പുതുമുഖങ്ങള്‍
തൊടുപുഴ: ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റെടുത്ത തൊടുപുഴ നഗരസഭാ കൗണ്‍സിലില്‍ ഇത്തവണ 18 പുതുമുഖങ്ങള്‍. ശ്രീജ അജേഷ് (പെട്ടേനാട്), ബഷീര്‍ (മുതലക്കോടം വെസ്‌റ്റ്), മേഴ്‌സ് സെബാസ്‌റ്റ്യന്‍ (മുതലക്കോടം വെസ്‌റ്റ്), മിനി ടോമി (കാരൂപ്പാറ), ആനീസ് ജോണ്‍ (കുന്നം), കെ.എം. നിഷാദ് (ബി.ടി.എം സ്‌കൂള്‍), റംസിയ നിയാസ് (മലേപ്പറമ്പ്), ജിഷ റസാഖ് (വലിയജാരം), വിഷ്‌ണു കെ. ശശി (കീരികോട്), ജോയി മൈലാടി (ഒളമറ്റം), ലിറ്റി ജോസഫ് (പെരുക്കോണി), റിങ്കുമോള്‍ സെബാസ്‌റ്റ്യന്‍ (കോതായിക്കുന്ന്), നിഷാ സോമന്‍ (നടുക്കണ്ടം), ഉമ എ.ബി (അമരംകാവ്), രാജേഷ് ബാബു (കോപ്പറേറ്റീവ് ഹോസ്‌പിറ്റല്‍), ആതിര ജോഷി (ചുങ്കം), പത്മകുമാര്‍ (മണക്കാട്), രാജേശ്വരി (കാഞ്ഞിരമറ്റം)
മൂന്നുപേര്‍ ദൃഢപ്രതിജ്‌ഞ, മറ്റുള്ളവര്‍ ദൈവനാമത്തില്‍
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത 38 അംഗങ്ങളില്‍ സത്യപ്രതിജ്‌ഞയില്‍ മൂന്നുപേര്‍ ദൃഢപ്രതിജ്‌ഞയാണ് എടുത്തത്. മറ്റുള്ളവര്‍ ദൈവനാമത്തിലും സത്യപ്രതിജ്‌ഞ ചെയ്‌തു. ആറാം വാര്‍ഡില്‍ നിന്നുള്ള ഗോപാല കൃഷ്‌ണന്‍ തൊടുപുഴ ശ്രീകൃഷ്‌ണ സ്വാമിയുടെ പേരിലാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്.
മൂന്നു സ്വതന്ത്രരും ഇനി സര്‍വസ്വതന്ത്രര്‍
തൊടുപുഴ: വിമതരായും സര്‍വസ്വതന്തനായും വിജയിച്ചു കയറിയ മൂന്ന് കൗണ്‍സില്‍ അംഗങ്ങള്‍ സര്‍വ സ്വതന്ത്രരായി കൗണ്‍സിലിലും തുടരും. നഗരസഭയുടെ പ്രഥമ കൗണ്‍സില്‍ മുതല്‍ അംഗമായ ആര്‍. ഹരി (കോലാനി), മുതലക്കോടം വെസ്‌റ്റ് വാര്‍ഡിലെ യു.ഡി.എഫ്. വിമത സ്‌ഥാനാര്‍ഥി ബഷീര്‍, ചുങ്കം വാര്‍ഡിലെ യു.ഡി.എഫ് വിമത സ്‌ഥാനാര്‍ഥി ആതിര ജോഷി എന്നിവര്‍ സര്‍വര്‍ സ്വതന്ത്രര്‍ എന്ന പേരിലാണ് സത്യപ്രതിജ്‌ഞ ചെയ്‌തത് അധികാരം ഏറ്റ ശേഷം ഫോമില്‍ ഒപ്പിട്ടു നല്‍കിയത്. സ്വതന്ത്രരായി ജയിച്ചശേഷം മുന്നണിയുടെ ഭാഗമായി കൂറുമാറ്റം നിരോധന നിയമം ലംഘിച്ച നിരവധി കൗണ്‍സിലര്‍മാര്‍ അടുത്തിടെ അയോഗ്യരാ യിരുന്നു.