-->
മട്ടാഞ്ചേരി: പൈതൃക നഗരിയായ കൊച്ചി കാര്‍ണിവല്‍ ലഹരിയിലേക്ക്. കലാ,കായികം, സാഹസികം, സാഹിത്യം, രചന, സാംസ്‌കാരിക മത്സരങ്ങളും നവ വത്സരദിന കാഴ്‌ചകളുമായി രാപകല്‍ നടക്കുന്ന ആഘോഷങ്ങള്‍ കൊച്ചിയെ ഉത്സവ ലഹരിയിലാക്കും. കൊച്ചിയിലെ നൂറോളം ക്ലബ്ബുകളുടെ കുട്ടായ്‌മയില്‍ ജനകീയമായ നവവത്സരാഘോഷം വിനോദസഞ്ചാര മേഖലയില്‍ ആ ഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. കൊച്ചിന്‍ കാര്‍ണിവല്‍ ആഘോത്തിന് തുടക്കം കുറിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ കെ.ജെ മാക്‌സി എം.എല്‍.എ പതാക ഉയര്‍ത്തി. പിന്നാലെ കാര്‍ണിവല്‍ അംഗ ക്ലബുകളുടെ പതാകകള്‍ അതാത് സംഘടനാ ഭാരവാഹികള്‍ ഉയര്‍ത്തി.
96 ക്ലബുകളുടെ പതാകകളാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്‌ട്രി പ്രസിഡന്റ് രാജ് കുമാര്‍ ഗുപ്‌ത അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷൈനി മാത്യൂ,പി.ജെ ദാസന്‍, കവിത ഹരികുമാര്‍, നിഷ ജോസഫ്,ജോസഫ് ഫെര്‍ണാണ്ടസ്, കെ.ജെ പ്രകാശന്‍,സുഹാന സുബൈര്‍, മഞ്‌ജുള അനില്‍കുമാര്‍, കെ.എ മനാഫ്, റഹീന റഫീക്ക്, കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്‌ണമാചാരി, മുന്‍ കൗണ്‍സിലര്‍ ഷീബ ലാല്‍, മുന്‍ മേയര്‍ കെ.ജെ സോഹന്‍, കാര്‍ണിവല്‍ ജനറല്‍ സെക്രട്ടറി സോമന്‍. എം മേനോന്‍, ജനറല്‍ കണ്‍വീനര്‍ ഹിദായത്ത് എ. എച്ച് എന്നിവര്‍ സംസാരിച്ചു. ഇന്നലെ മുതല്‍ തന്നെ വിവിധ മത്സരങ്ങള്‍ ആരംഭിച്ചു. വൈകിട്ട് മെഗാ ഷോ അരങ്ങേറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡീജെ, ഗാനമേള, മെഗാഷോ, മ്യൂസിക് ഫെസ്‌റ്റ്, കരോക്കെ,നാടന്‍ പാട്ട്, ഡാന്‍സ്, ചവിട്ട് നാടകം, മെഗാ മ്യൂസിക് ഷോ എന്നീ പരിപാടികള്‍ പള്ളത്ത് രാമന്‍ മൈതാനം, പരേഡ് മൈതാം, വാസ്‌ക്കോഡ ഗാമ സ്‌ക്വയര്‍, നെഹ്‌റു പാര്‍ക്ക് ബാസ്‌റ്റിന്‍ ബംഗ്‌ളാവ്, ദ്രോണാചാര്യ മൈതാനം, മുണ്ടംവേലി കോര്‍പറേഷന്‍ മൈതാനം എന്നിവിടങ്ങളില്‍ നടക്കും. മോട്ടോര്‍ ബൈക്ക് റെയ്‌സ്, സ്‌കൂട്ടര്‍ റാലി, വെറ്ററന്‍സ് ഫുട്‌ബോള്‍,കുറാഷ്, ബോക്‌സിങ്, ഗാട്ടാ ഗുസ്‌തി, തേക്കൂട്ടം കളി, ഷട്ടില്‍, കയാക്കിങ്, ചൂണ്ടയിടല്‍,വഞ്ചി തുഴയല്‍, കളരി പയറ്റ്, നീന്തല്‍ മത്സരം തുടങ്ങിയ കായിക ഇനങ്ങളും ഗാനാലാപനം, കോലം വരയ്‌ക്കല്‍, രംഗോലി, മെഹന്ദി, ചിത്ര രചന എന്നിവയുമുണ്ടാകും. 31 ന് പപ്പാഞ്ഞിയെ കത്തിക്കും. പുതു വത്സര ദിനത്തില്‍ നടക്കുന്ന റാലിയോടെ കാര്‍ണിവല്‍ സമാപിക്കും.