-->
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പ്രഖ്യാപനം നീളുന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസിനു സാധ്യത കൂടുതലുണ്ടെങ്കിലും ടേം വ്യവസ്‌ഥയില്‍ കൂടുതല്‍ പേരെ പരിഗണിക്കണോ എന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ് നേതൃത്വം.
അതിനിടെ, 76 അംഗ കൗണ്‍സില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ചുമതല ഏറ്റെടുത്തു. വലിയ ഭൂരിപക്ഷത്തില്‍ ഭരണം തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തിലാണു യു.ഡി.എഫ്. ക്യാമ്പ്. അതിനിടെ ആരാകണം മേയര്‍ എന്നതില്‍ ഫലം പുറത്തുവന്ന ഒരാഴ്‌ചയാകുമ്പോഴും സമവായമായിട്ടില്ല.
പദവിയും സീനിയോറിറ്റിയും എങ്കില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ്, ലത്തീന്‍ സമുദായ പരിഗണ എങ്കില്‍ മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷ അഡ്വ. വി.കെ. മിനിമോള്‍, സമുദായവും ഫോര്‍ട്ട് കൊച്ചി പരിഗണനയുമെങ്കില്‍ ഷൈനി മാത്യുവു സ്‌ഥാനത്തെത്താനുള്ള സാധ്യതയാണുള്ളത്. വിട്ടുവീഴ്‌ച ചെയ്യേണ്ടെന്ന നിലപാടാണ് ദീപ്‌തി മേരിയെ അനുകൂലിക്കുന്നവര്‍ സ്വീകരിച്ചിരിക്കുന്നത്. കെ.പി.സി.സി. സംഘടനാ പദവിയില്‍ ഉന്നത സ്‌ഥാനത്തിരിക്കുന്നവരെ മേയര്‍ ആയി പരിഗണിക്കണമെന്ന പാര്‍ട്ടി സര്‍ക്കുലറും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഹോള്‍ഡ് വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കൊച്ചി മേഖലയില്‍ നിന്ന് ഷൈനി മാത്യുവിനെ പരിഗണിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രണ്ടു ബ്ലോക്ക് പ്രസിഡന്റുമാര്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തു നല്‍കിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായങ്ങളെ എങ്ങനെ ഉള്‍പ്പെടുത്തണം എന്നതിലും നേതാക്കള്‍ പല അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ജില്ലയില്‍ വലിയ അസ്വാരസ്യങ്ങള്‍ പുറത്തുവന്നാല്‍ കൊച്ചിയില്‍ ഭരണം തിരിച്ചുപിടിച്ചതിന്റെ ശോഭ തന്നെ കെടും. അതിനാല്‍ ഇന്നും നാളെയുമായി കൂടി ആലോചിച്ച് അന്തിമ തീരുമാനത്തിലെത്താനാണു ശ്രമം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കെ.വി.പി. കൃഷ്‌ണകുമാര്‍, ദീപക് ജോയ് എന്നിവയൊണു ഡെപ്യൂട്ടി മേയര്‍ സ്‌ഥാനത്തേക്കു യു.ഡി.എഫ്. പരിഗണിക്കുന്നത്.
പ്രശ്‌നങ്ങളില്ലാതെ ആത്മവിശ്വാസത്തോടെ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ ആദ്യ ദിനങ്ങള്‍ തുടങ്ങിവയ്‌ക്കുക എന്നതു നിയമസഭാ തെരഞ്ഞെടുപ്പുമുന്നില്‍ കാണുന്ന യു.ഡി.എഫിനു നിര്‍ണായകമാണ്