-->
തൃപ്പൂണിത്തുറ: ചിരിയും ചിന്തയും പകര്‍ന്നുനല്‍കി മലയാള സിനിമയുടെ നെടുംതൂണായി മാറിയ ശ്രീനിവാസന് സിനിമാലോകം കണ്ണീരോടെ വിട നല്‍കി. സിനിമയെപ്പോലെ ശ്രീനിവാസനു പ്രിയപ്പെട്ട കണ്ടനാട് പാടശേഖരത്തോടു ചേര്‍ന്നുള്ള പാലാഴിയുടെ മണ്ണില്‍ അദ്ദേഹം എരിഞ്ഞടങ്ങി. ഇന്നലെ രാവിലെ 11.30 ന് മകനും നടനുമായ വിനീത് ശ്രീനിവാസന്‍ അച്‌ഛന്റെ ചിതയ്‌ക്കു തീകൊളുത്തി.
മലയാള സിനിമാലോകം ഒന്നാകെ കണ്ടനാടിലെ പാലാഴിയിലേക്ക് ഒഴുകിയെത്തിയിരുന്നു. മലയാളിയെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചമയങ്ങളില്ലാത്തെ പ്രിയനടനെ അവസാനമായി ഒരുനോക്കു കാണാന്‍ രണ്ടുദിവസമായി പതിനായിരങ്ങളാണ് കണ്ടനാടിലേക്കെത്തിയത്. ഇന്നലെ രാവിലെ മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, തമിഴ് സിനിമാനടന്‍ സൂര്യ, രമേശ് ചെന്നിത്തല എംഎല്‍.എ, സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, നടന്മാരായ മുകേഷ്, ദിലീപ്, രഞ്‌ജി പണിക്കര്‍,
സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങി രാഷ്‌ട്രീയ-സിനിമാ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. പ്രിയസുഹൃത്ത് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്റെ മൃതദേഹത്തിനരികില്‍ യാത്രാമൊഴി എഴുതിയ പേപ്പറും പേനയും സമര്‍പ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷമാണ് മൃതദേഹം ചിതയിലേക്കെടുത്തത്. സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം സെന്റ് മേരീസ് സ്‌കൂള്‍ ഹാളില്‍ അനുശോചനയോഗം ചേര്‍ന്നു. നടന്‍ മുകേഷ്, ബിനോയ് വിശ്വം, കുക്കു പരമേശ്വരന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ ശ്രീനിവാസനെ അനുസ്‌മരിച്ചു.