-->
ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ ജനകീയമാക്കി നടത്തി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ ഒരേസമയം അരങ്ങേറിയത്. നിലവിലെ ഭരണസമിതികളുടെ കാലാവധി ശനിയാഴ്‌ച അവസാനിച്ച സാഹചര്യ ത്തിലാണ് അവധി ദിനമായിട്ടും ഞായറാഴ്‌ച തന്നെ ചടങ്ങുകള്‍ നടത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. എല്‍.ഡി.എഫ് അംഗങ്ങള്‍ രക്‌തസാക്ഷികളുടേയും നേതാക്കളുടേയും സ്‌മൃതിമണ്ഡപങ്ങളില്‍ പുഷ്‌പാര്‍ച്ചന നടത്തിയതിന് ശേഷമാണ് സത്യപ്രതിജ്‌ഞയ്‌ക്കെത്തിയത്.
ജില്ലാ പഞ്ചായത്തിലെ പുതിയ 24 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ മനക്കോടം ഡിവിഷനിലെ ജയിംസ് ചിങ്കുതറയ്‌ക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജയിംസ് ചിങ്കുതറ മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ പി.ആര്‍ ജ്യോതിലക്ഷ്‌മി, രാജേഷ് വിവേകാനന്ദ, കെ.ജെ ജിസ്‌മി, വിജയശ്രീ സുനില്‍, എസ.് രാധാകൃഷ്‌ണന്‍, ഷീന സനല്‍കുമാര്‍, ആര്‍. രാഹുല്‍, സി.വി രാജീവ്, മഞ്‌ജു വിജയകുമാര്‍, ജോണ്‍ തോമസ്, ജി. കൃഷ്‌ണകുമാര്‍, നിതിന്‍ ചെറിയാന്‍, ബിനി ജയിന്‍, ടി. വിശ്വനാഥന്‍, എ. മഹേന്ദ്രന്‍, ബി. രാജലക്ഷ്‌മി, അംബുജാക്ഷി ടീച്ചര്‍, ലിഷ അനുപ്രസാദ്, ബബിത ജയന്‍, അനില രാജു, എ.ആര്‍ കണ്ണന്‍, ആര്‍. റിയാസ്, ജ്യോതിമോള്‍ എന്നിവരാണ് സത്യപ്രതിഞ്‌ജ ചെയ്‌തത്. ചടങ്ങില്‍ എം.എല്‍.എമാരായ പി.പി ചിത്തരഞ്‌ജന്‍, യു. പ്രതിഭ, എ.ഡി.എം ആശാ സി. എബ്രഹാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ് കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ എസ്. ബിജു, മുന്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്‌മാന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റു മാരായ ആര്‍. നാസര്‍, കെ.ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എന്‍. എസ് ശിവപ്രസാദ്, മറ്റ് ഉദ്യോഗസ്‌ഥര്‍, കെ.എല്‍.ഡി. സി ചെയര്‍മാന്‍ പി.വി സത്യനേശന്‍ മറ്റ് രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സത്യപ്രതിജ്‌ഞക്ക് ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗവും ചേര്‍ന്നു. ആലപ്പുഴ നഗരസഭയിലേക്ക് 53വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ മോളി ജേക്കബാണ് ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്. മുനിസിപ്പാലിറ്റിയുടെ ചുമതലയുള്ള ചുമതലയുള്ള വരണാധികാരിയായ ഡപ്യൂട്ടി കലക്‌ടര്‍ ജെ. മോബി മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റുള്ള അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സത്യപ്രതിജ്‌ഞ ചടങ്ങിന് ശേഷം മുതിര്‍ന്ന അംഗമായ മോളി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ അംഗങ്ങളുടെ ആദ്യ യോഗവും ചേര്‍ന്നു.
ചേര്‍ത്തല നഗരസഭയില്‍ 36 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റു. വരണാധികാരി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ റിജോ മാത്യു മുതിര്‍ന്ന അംഗമായ 30-ാം വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വി.എ. സുരേഷ് കുമാറിന് സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തുകൊണ്ടാണ് സത്യപ്രതിജ്‌ഞാ ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് സുരേഷ് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്‌ഞ ചടങ്ങിനുശേഷം അധികാരമേറ്റ കൗണ്‍സിലര്‍മാര്‍ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു. ജനുവരി 26ന് രാവിലെ 10.30ന് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനും ഉച്ചകഴിഞ്ഞ് 2.30ന്‌് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനും ഇലക്ഷന്‍ കമ്മീഷന്റെ നോട്ടീസ് വായിച്ച് തീരുമാനമെടുത്തു.
സത്യപ്രതിജ്‌ഞ ചടങ്ങില്‍ വിവിധ രാഷ്‌ട്രീയ - സാമൂഹ്യ നേതാക്കളും കൗണ്‍സിലര്‍മാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ മുന്‍സിപ്പല്‍ സെക്രട്ടറി ടി.കെ സുജിത്ത് സ്വാഗതവും ഉപവരണാധികാരിയും മുനിസിപ്പല്‍ എന്‍ജിനീയറുമായ പി.ആര്‍ മായാദേവി നന്ദിയും രേഖപ്പെടുത്തി.
മാവേലിക്കര നഗരസഭയുടെ സത്യപ്രതിജ്‌ഞ ചടങ്ങും പ്രഥമ കൗണ്‍സിലും നടന്നു. നഗരസഭ റിട്ടേണിങ് ഓഫീസര്‍ പി.എന്‍.അനില്‍കുമാര്‍ മുതിര്‍ന്ന അംഗം യോഹന്നാന് സത്യവാചകം ചൊല്ലിക്കൊടുത്തു. യോഹന്നാന്‍, ജയിച്ചു വന്ന മറ്റ് 27 അംഗങ്ങള്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം യോഹന്നാന്റെ അധ്യക്ഷതയില്‍ പ്രഥമ നഗരസഭ കൗണ്‍സില്‍ നടന്നു. യോഗത്തില്‍ വിവിധ കക്ഷി നേതാക്കന്മാരായ കെ.ഗോപന്‍, അഡ്വ.കെ.വി.അരുണ്‍കുമാര്‍, സി.സുരേഷ്, കോശി തുണ്ടുപറമ്പില്‍, എം.വിനയന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് 26ന് നടക്കുന്ന ചെയര്‍പഴ്‌സണ്‍ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍ സെക്രട്ടറി യോഗത്തെ അറിയിച്ചു. ചെയര്‍പഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉച്ചയ്‌ക്ക് 2.30നും നടക്കും.
കായംകുളം നഗരസഭയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 45 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്‌ഞ ചടങ്ങ് നഗരസഭയില്‍ പ്രത്യേകമായി അലങ്കരിച്ച പന്തലില്‍ നടന്നു. നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായം കൂടിയ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച 74 വയസുള്ള ഹസന്‍ കോയക്ക് വരണാധികാരി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. എം മാത്യൂ സത്യവാചകം ചൊല്ലി കൊടുത്തു. ശേഷം വാര്‍ഡുകളുടെ ക്രമത്തില്‍ പുതിയ കൗണ്‍സിലര്‍ മാര്‍ക്ക് ഹസ്സന്‍ കോയ സത്യവാചകം ചൊല്ലി കൊടുത്തു. നഗരസഭ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ നഗരസഭ ഭാരവാഹികള്‍ കൗണ്‍സിലര്‍മാര്‍ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹരിപ്പാട് നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ തുലാംപറമ്പ് നോര്‍ത്ത് രണ്ടാം ഡിവിഷനില്‍നിന്നും വിജയിച്ച വിജയമ്മ പുന്നൂര്‍മഠത്തിന് നഗരസഭ വരണാധികാരിയായ ഡയറി ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി ഡയറക്‌ടര്‍ നിഷ വി ഷരീഫ് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബാക്കിയുള്ള 29 പേര്‍ക്ക് വിജയമ്മ പുന്നൂര്‍മഠം സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്‌ഞ ചടങ്ങില്‍ നഗരസഭാ സെക്രട്ടറി ഷമീര്‍ മുഹമ്മദ്, എ ആര്‍ ഒ സൂപ്രണ്ട് രാജേഷ്, അസ്സി.റിട്ടേണിങ് ഓഫീസര്‍ പ്രമീള വിവിധ രാഷ്ര്‌ടീയ പ്രതിനിധികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ഹരിപ്പാട് ബ്ലോക്കില്‍ 14 ഡിവിഷനുകളില്‍ നിന്നും മത്സരിച്ചു ജയിച്ച സ്‌ഥാനാര്‍ഥികള്‍ സത്യപ്രതിജ്‌ഞ ചൊല്ലി ചുമതലയേറ്റു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വരണാധികാരിയായ ആലപ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിനോദ് പി എസ് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ തൃക്കുന്നപ്പുഴ കിഴക്കേക്കര ഡിവിഷനിലെ ആര്‍ ഗീതയ്‌ക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഗീത മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ ലക്ഷ്‌മി ശിവന്‍, എം എം അനസ് അലി, ജ്യോതി പ്രകാശ്, സാജന്‍ കെ പനയറ, അശ്വതി ഹരികുമാര്‍, ശ്രീവിദ്യ, യു ദിലീപ്, സുമി സുരേഷ്, ആര്‍ റോഷന്‍, ബൈജു, ആശ പാലക്കാടന്‍, മുഹമ്മദ് അസ്ലം, നാഥന്‍ വി കെ എന്നിവരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ നിന്നായുള്ള 14 ഡിവിഷനിലെയും പ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ വി. വിജയകുമാര്‍ അസിസ്‌റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സുനില്‍ സി.വി എന്നിവര്‍ക്ക് മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌തു. മുതിര്‍ന്ന അംഗം ഹരിഹരപ്പണിക്കര്‍ ആദ്യമായി സത്യപ്രതിജ്‌ഞ ചെയ്യുകയും മറ്റുള്ളവര്‍ക്ക് വാചകം ചൊല്ലി കൊടുക്കുകയും ചെയ്‌തു. മുതുകുളം ബ്ലോക്ക്‌പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. ബ്ലോക്ക് പഞ്ചായത്തിലെക്ക് ഏറ്റവും പ്രായം കൂടിയ ഏവൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച വിജയകുമാരിക്ക് വരണാധികാരി സര്‍വ്വെ ആലപ്പുഴ ഡെപ്യൂ ഡയറക്‌ടര്‍ ആര്‍. ജയകുമാര്‍ സത്യവാചകം ചൊല്ലി കൊടുത്തു. ശേഷം വാര്‍ഡുകളുടെ ക്രമത്തില്‍ പുതിയഅംഗങ്ങള്‍ക്ക് വിജയകുമാരിസത്യവാചകം ചൊല്ലിക്കൊടുത്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ 14 അംഗങ്ങളും സത്യപ്രതിജ്‌ഞ ചെയ്‌തു അധികാരമേറ്റു.
ആലപ്പുഴ സഹകരണ ജോ രജിസ്‌ട്രാര്‍ വി.കെ സുബീന മുതിര്‍ന്ന അംഗം വി.ആര്‍ രജിത ടീച്ചര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് രജിത ടീച്ചര്‍ വിവിധ ഡിവിഷനുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട നിധീഷ് ബാബു, പി.ഡി സജീവ്, അഞ്‌ജു മുകുന്ദന്‍, പി. ബിജു, ഉഷ മുകുന്ദന്‍, ജയശ്രീ ബിജു, ഉദയമ്മ ഷാജി, ബിജു കേളമംഗലം, വിമല്‍ രവീന്ദ്രന്‍, അംബിക ശശിധരന്‍, ബീന ഉണ്ണി, ഫാത്തിമ ടീച്ചര്‍, ആഗി ജോസ് എന്നിവര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് ജനപ്രതിനിധികളെ അഭിനന്ദിച്ച് വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ ആശംസാപ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിമോളും മറ്റ് ഉദ്യോഗസ്‌ഥന്മാരും പരിപാടിക്ക് നേതൃത്വം നല്‍കി.
ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ റിട്ടേണിങ്‌ഓഫീസര്‍ രജിത് മുതിര്‍ന്ന അംഗം സി.പി.എമ്മിലെ എന്‍.പി സ്‌നേഹജന് പ്രതിജ്‌ഞ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുഴുവന്‍ അംഗങ്ങളും സത്യപ്രതിജ്‌ഞ ചെയ്‌തു. സി.പി.എം ഏരിയ സെക്രട്ടറി പി. രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗം കെ.ഡി മഹീന്ദ്രന്‍, വിവിധ രാഷ്ര്‌ടീയകക്ഷി നേതാക്കള്‍, ബി.ഡി.ഒ കെ.എം ഷിബു എന്നിവര്‍ സംസാരിച്ചു. പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 21 വാര്‍ഡുകളിലെ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ചടങ്ങ് പഞ്ചായത്തില്‍ പ്രത്യേകമായി അലങ്കരിച്ച പന്തലില്‍ നടന്നു. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ 12-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച കെ. സുകുമാരന് വരണാധികാരി ചേപ്പാട് സബ് രജിസ്‌ട്രാര്‍ കെ. അജയകുമാര്‍ സത്യവാചകം ചൊല്ലി കൊടുത്തു. ശേഷം വാര്‍ഡുകളുടെ ക്രമത്തില്‍ പുതിയഅംഗങ്ങള്‍ക്ക് കെ. സുകുമാരന്‍സത്യവാചകം ചൊല്ലി കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി എസ് സിന്ധു, മുന്‍ പഞ്ചായത്ത് ഭാരവാഹികള്‍ മറ്റു പഞ്ചായത്ത് അംഗങ്ങള്‍ രാഷ്ര്‌ടീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ രൂപീകരണത്തിന് ശേഷം ഒരിക്കല്‍ പോലും യു.ഡി.എഫ് നു ഭരിക്കാന്‍ കഴിയാത്തതും ഇടതുപക്ഷ മുന്നണി മാത്രം ഭരണം നടത്തിവരുന്നത് പത്തിയൂര്‍ പഞ്ചായത്തിലാണ്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം പ്രേം ഭാസിന്‍ മറ്റംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. മറ്റ് പഞ്ചായത്തുകളിലും മുതിര്‍ന്ന അംഗങ്ങള്‍ മറ്റംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.
അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്‌ഞാ ചടങ്ങ് നടന്നത്. പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലാണ് തദ്ദേശ സ്‌ഥാപനങ്ങളില്‍ സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ നടന്നത്. ഇതിനുശേഷം 11 ഓടെ ആദ്യ കമ്മിറ്റിയും ചേര്‍ന്നു. വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെയടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുത്തത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിജ്‌ഞ ചടങ്ങില്‍ വരണാധികാരി എം. ഷെരീഫ് സ്വിച്ച് ഗിയര്‍ ഡിവിഷനില്‍ നിന്നുള്ള മുതിര്‍ന്ന അംഗം വത്സലാ ബാലകൃഷ്‌ണന് സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വത്സല ബാലകൃഷ്‌ണന്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. അംഗങ്ങളുടെ ആദ്യയോഗം വത്സലയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. തെക്കേക്കര പഞ്ചായത്തില്‍ വരണാധികാരി എസ്. ഉണ്ണികൃഷ്‌ണന്‍ ചെറുകുന്നം വാര്‍ഡില്‍ നിന്നുള്ള മുതിര്‍ന്ന അംഗം വി എസ്. മോഹനനും മോഹനന്‍ മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണിക്കാവില്‍ വരണാധികാരി ഷാനജ വെട്ടിക്കോട് വാര്‍ഡില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പുഷ്‌പമ്മ ബോസ് മാത്യുവിനും പുഷ്‌പമ്മ മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചെട്ടികുളങ്ങരയില്‍ വരണാധികാരി എന്‍.കെ രജനി, ആഞ്ഞിലിപ്ര വാര്‍ഡില്‍ നിന്നുള്ള മുതിര്‍ന്ന അംഗം കെ.ജി അച്ചന്‍ കുഞ്ഞിനും അച്ചന്‍കുഞ്ഞ് മറ്റ് അംഗങ്ങള്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. തഴക്കരയില്‍ മുറിവായിക്കരയില്‍ നിന്നുള്ള മുതിര്‍ന്ന അംഗം ശ്രീലത രാജീവിന് വരണാധികാരി എം വിനോദ്‌കുമാറും മറ്റ് അംഗങ്ങള്‍ക്ക് ശ്രീലതയും സത്യവാചകം ചൊല്ലിക്കൊടു ത്തു. പഞ്ചായത്തുകളില്‍ മുതിര്‍ന്ന അംഗങ്ങളുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു.
മാന്നാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ 19 വാര്‍ഡുകളില്‍ നിന്നും മത്സരിച്ചു വിജയിച്ചു വന്ന ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചൊല്ലി ചുമതലയേറ്റു. തെരഞ്ഞെടുപ്പ് വരണാധികാരിയായ ജോയി മോന്‍ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ മൂന്നാം വാര്‍ഡിലെ ജനപ്രതിനിധി ചാക്കോ കയ്യത്രയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ചാക്കോ കയ്യത്ര മറ്റ് 18 വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്‌ട്രീയ പ്രതിനിധികളുടെ നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളുടെ കുടുംബാംഗങ്ങളും മുന്‍ ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്‌ഞക്ക് ശേഷം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചാക്കോ കയ്യത്രയുടെ അധ്യക്ഷതയില്‍ പുതിയ അംഗങ്ങളുടെ ആദ്യ യോഗം ചേര്‍ന്നു. ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തില്‍ വരണാധികാരി റീജ മുതിര്‍ന്ന അംഗമായ സുമാ വിശ്വാസിന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സുമ വിശ്വാസ് മറ്റ് 18 വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക്‌ക്രമാനുസരണം സത്യവാചകം ചൊല്ലിക്കൊടുത്തു.
ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ വരണാധികാരി സച്ചിന്‍ മുതിര്‍ന്ന അംഗമായ ആര്‍ സുരേന്ദ്രന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സുരേന്ദ്രന്‍ മറ്റ് 15 വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് ക്രമാനുസരണം സത്യവാചകം ചൊല്ലിക്കൊടുത്തു.
എടത്വാ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്‌റ്റന്റ് ഡയറക്‌ടര്‍ അഗ്രികള്‍ച്ചര്‍ എന്‍.വി വ്യാസ സീനിയര്‍ അംഗം ആന്‍സി ബിജോയ്‌ക്ക് സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു, തുടര്‍ന്ന് ആന്‍സി ബിജോയ് ഒന്നാം വാര്‍ഡ് മുതലുള്ള അംഗങ്ങള്‍ക്ക് സത്യപ്രതിഞ്ഞ ചൊല്ലിക്കൊടുത്തു, തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായി നിയുക്‌ത മെമ്പര്‍മാരെ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ആന്‍സി ബിജോയുടെ അധ്യക്ഷതയില്‍ പ്രഥമ കമ്മിറ്റി നടന്നു,
തലവടി പഞ്ചായത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജമീല ബക്കര്‍ മുതിര്‍ന്ന അംഗം ബാബു വലിയവീടന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബാബു വലിയവീടന്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുന്നു. സത്യപ്രതിജ്‌ഞ ചടങ്ങുകള്‍ക്ക് ശേഷം പ്രഥമ കമ്മറ്റി നടന്നു. തലവടി പഞ്ചായത്തിലെ ആശപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പായസ വിതരണം നടത്തി. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ഇരു പഞ്ചായത്തിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്‌ഥാനം തീരുമാനിച്ചില്ല. 26 ന് മുന്‍പ് തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
ആര്യാട് പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ ബിജുരാജ് മുതിര്‍ന്ന അംഗം രേണുകയ്‌ക്ക് പ്രതിജ്‌ഞ വാചകം ചൊല്ലിക്കൊടുത്തു. മാരാരിക്കുളം സൗത്തില്‍ റിട്ടേണിങ്‌ഓഫീസര്‍ സേതുലക്ഷ്‌മി മുതിര്‍ന്ന അംഗം റോസമ്മ സെബാസ്‌റ്റ്യനും മണ്ണഞ്ചേരിയില്‍ റിട്ടേണിങ് ഓഫീസര്‍ ജോളി മുതിര്‍ന്ന അംഗം റംല ബീവിക്കും മുഹമ്മയില്‍ റിട്ടേണിങ് ഓഫീസര്‍ ഷൈജ മുതിര്‍ന്ന അംഗം ടി കെ മോഹന്‍ദാസിനും പ്രതിജ്‌ഞ വാചകം ചൊല്ലിക്കൊടുത്തു.