-->
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ആദിവാസി വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് ജനരോഷം അണപൊട്ടി. ഇന്നലെ ഉച്ചയോടെയാണ് കന്നാരം പുഴയ്‌ക്കടുത്ത് വച്ചു കൂമനെ(65) കടുവ ആക്രമിച്ച് വനത്തിനുള്ളിലേയ്‌ക്ക് വലിച്ചു കൊണ്ടുപോയത്. പരിക്കേറ്റ കൂമനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യയെ മരണപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞ് മേഖലയിലേക്ക് വലിയ ജനപ്രവാഹം ഒഴുകിയെത്തി. പിന്നാലെ കണ്ടത് അണപൊട്ടിയ ജനരോഷമാണ്. പ്രദേശത്ത് കഴിഞ്ഞ നാളുകളില്‍ കടുവയുടെ അക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ വേണ്ടത്ര ജാഗ്രത ഇക്കാര്യത്തില്‍ കാട്ടിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
വിവരമറിഞ്ഞ് കൂടുതല്‍ ജനങ്ങള്‍ സ്‌ഥലത്തെത്തിയതോടെ കൂടുതല്‍ പോലീസും ഉന്നത ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി ജനപ്രതിനിധികളുമായും കോളനിയിലെ മൂപ്പന്മാരുമായും വിവിധ രാഷ്‌ടീയ പാര്‍ട്ടി പ്രതിനിധികളുമായും എ.സി.എഫ് ജോഷില്‍. എം, ഡി.സി.എഫ് വൈല്‍ഡ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, ഡി.വൈ.എസ്.പി കെ.ജെ. ജോണ്‍സണ്‍, തഹസീല്‍ദാര്‍ പ്രശാന്ത്. ബി, ഡപ്യൂട്ടി തഹസീല്‍ദാര്‍ ടി.പി. പ്രകാശന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് രംഗം ശാന്തമാക്കിയത്. രാഷ്ര്‌ടീയ പാര്‍ട്ടി നേതാക്കളായ എം.എസ്. സുരേഷ് ബാബു, ടി.എസ്. ദിലിപ് കുമാര്‍, കെ.ഡി. ഷാജി ദാസ്, ബെന്നി കുറുമ്പാലക്കാട്ട്, മണി പാമ്പനാല്‍, മനു പ്രസാദ് തുടങ്ങിയവരും വിവിധ നേതാക്കളും ഉന്നതിയിലെ പ്രതിനിധികളും മരണപ്പെട്ട കൂമന്റെ ബന്ധുക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
തുര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ക്ക് പതിനായിരം രൂപയും, കൂടാതെ കുടുംബത്തിന് 10 ലക്ഷം രൂപയില്‍ ഉടന്‍ ആറ് ലക്ഷം രൂപയുടെ ചെക്കും നല്‍കുമെന്നും. ബാക്കി തുകയും മറ്റു ഇന്‍ഷ്‌ടറന്‍സ് തുകകളും ഉടന്‍ നല്‍കുമെന്നും മരണപ്പെട്ടയാളുടെ മക്കള്‍ക്ക് വനംതൊഴില്‍ നല്‍കുമെന്നും, പരിഹാര തുക 20 ലക്ഷമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്കായി നല്‍കുമെന്നും ധാരണയായതോടെയാണ് ബോഡി പോസ്‌റ്റ് മാര്‍ട്ടത്തിനായി ബത്തേരി ഹോസ്‌പിറ്റലിലേക്ക് മാറ്റാന്‍ അനുവദിച്ചത്. നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍ പോസ്‌റ്റ് മാര്‍ട്ടത്തിനു ശേഷം ബോഡി ഏറ്റുവാങ്ങില്ലെന്നും ഉന്നതിക്കാര്‍ പറഞ്ഞു.