-->
താനൂര്‍: ഒഴൂര്‍ അയ്യായയില്‍ മുസ്ലിംലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. അയ്യായ ജുമാമസ്‌ജിദിന് സമീപത്തെ ശിഹാബ് തങ്ങള്‍ സ്‌മാരക മുസ്ലിം ലീഗ് ഓഫീസാണ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ലീഗ് ഓഫീസ് കത്തിയതായി കണ്ടെത്തിയത്. ഓഫീസിനകത്തുള്ള ഫര്‍ണിച്ചറുകളും സ്‌പീക്കര്‍ സെറ്റുകളും മറ്റും കത്തിനശിച്ചിട്ടുണ്ട്. ഓഫീസിലെ ഷട്ടര്‍ ഉയര്‍ത്തിയാണ് തീ വെച്ചതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടിന് ശേഷമാണ് സംഭവം നടന്നതെന്ന് ജുമുഅത്ത് പള്ളിയുടെയും ഓഫീസിനടുത്ത വീട്ടിലെയും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.
താനൂര്‍ പോലീസെത്തി അന്വേഷണം ഊര്‍ജ്‌ജിതമാക്കിയിട്ടുണ്ട്. ഓഫീസിനോടടുത്ത് ഹോട്ടലും മറ്റ് കടകളും ഉണ്ടെങ്കിലും അവക്കൊന്നും അപകടം സംഭവിച്ചിട്ടില്ല. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്നും യു.ഡി.എഫിന്റെ അഭൂതപൂര്‍വ്വമായ വിജയത്തില്‍ അസൂയ പൂണ്ടവരായിരിക്കാം ഇതിന് പിന്നിലെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ്, മലപ്പുറം ഡിവൈ.എസ്.പി, താനൂര്‍ ഡിവൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്‌ഥലത്തെത്തി.
മലപ്പുറത്തുനിന്നും ഡോഗ് സ്‌കോഡും വിരലടയാള വിദഗ്‌ധരുമെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയും മുസ്ലിം ലീഗ് കമ്മിറ്റിയും സംഭവത്തില്‍ ശക്‌തിയായി പ്രതിഷേധിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി. അബ്‌ദുല്‍ ഹമീദ് എം.എല്‍.എ. സ്‌ഥലം സന്ദര്‍ശിച്ചു. പ്രതികളെ കണ്ടെത്തെണമെന്നും ശക്‌തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.