-->
ചെറുതോണി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് സൗത്ത് ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ ക്രിസ്‌മസ് സമ്മാനമായി 150 കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണുകള്‍ വിതരണം ചെയ്‌തു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന പരിപാടി ഇടുക്കി എ.ഡി.എം: ഷൈജു പി. ജേക്കബ് ഉദ്‌ഘാടനം ചെയ്‌തു. എസ്.എം.സി.സി. സൗത്ത് ഫ്‌ലോറിഡാ യുടെ നേതൃത്വത്തിലാണ് ക്രിസ്‌മസ് സമ്മാനമായി 150 കുടുംബങ്ങള്‍ക്ക് 2500 രൂപയുടെ നിത്യോപയോഗ സാധനങ്ങളുടെ കൂപ്പണുകള്‍ വിതരണം ചെയ്‌തത്. സി.എം.സി.സി ഭാരവാഹികളായ രൂപത ഡയക്‌ടര്‍ ഫാ. ജോര്‍ജ് ഇളമ്പശേരി, ബാബു കല്ലിടുക്കില്‍, സാജു വടക്കേല്‍, നോയല്‍ മാത്യു, ജോബി പൊന്നുംപുരയിടം എന്നിവരുടെ സഹകരണത്തോടെയാണ് നിത്യോപയോഗ സാധന കൂപ്പണുകള്‍ വിതരണം ചെയ്‌തത്. കത്തീഡ്രല്‍ വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡിവൈ.എസ്.പി രാജന്‍ കെ.അരമന മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജെയിന്‍ അഗസ്‌റ്റിന്‍ ആമുഖ പ്രഭാഷണം നടത്തി. ബ്രദര്‍ രാജു പടമുഖം, പി.ജെ. ജോസഫ്, രാജു പൈനാവ്, കെ.എം. ജലാലുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.