-->
വെണ്ണിയോട്: വെണ്ണിയോട് പുഴയില്‍ നിന്നു കരകയറി മണ്ണെടുത്ത കുഴിയില്‍ അകപ്പെട്ട മുതലയെ വനംവകുപ്പ് എത്തി സുരക്ഷിത സ്‌ഥാനത്തെത്തിച്ചു. വെണ്ണിയോട് വലിയ പുഴയില്‍ നിന്നെത്തിയ 2 ക്വിന്റലോളം തൂക്കമുള്ള മുതല കഴിഞ്ഞ ദിവസം രാത്രിയാണു സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ കുഴിയില്‍ വീണത്. സമീപത്തെ പള്ളിയില്‍ പുല്‍ക്കൂട് ഒരുക്കാന്‍ മണ്ണെടുക്കാന്‍ എത്തിയവരാണു മുതലയെ കണ്ടത്. കല്‍പറ്റ ഫോറസ്‌റ്റ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി സംഘം സ്‌ഥലത്തെത്തിയാണ് പുറത്തെത്തിച്ചത്. കമ്പളക്കാട് പൊലീസ്, അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പിന്നീട് മുതലയെ സുരക്ഷിത സ്‌ഥാനത്തു കൊണ്ടു വിടുകയായിരുന്നു. ഇവിടെ വലിയ പുഴയിലും ചെറു പുഴയിലും മുതലകളെ കാണാറുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.