-->
പുല്‍പ്പള്ളി: പുല്‍പ്പള്ളി മുള്ളന്‍കൊല്ലി റോഡില്‍ വന്‍ അപകട ഭീഷണിയായി റോഡില്‍ നിന്നിരുന്ന വന്‍ തേക്കു മരം മുറിച്ചു മാറ്റി. ഈ മരം അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന മംഗളം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ബത്തേരി പെരിക്കല്ലൂര്‍ റോഡ് പണിക്കു തടസ്സമായി നിന്ന ഈ മരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയിരുന്നു. ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഇത് ഭീഷണിയായിരുന്നു. നൂറോളം വര്‍ഷത്തെ പഴക്കമാണ് ഈ തേക്ക് മരത്തിനുണ്ടെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മരം വെട്ടിമാറ്റാന്‍ നടപടികള്‍ എടുത്തിരുന്നു. എന്നാല്‍ മരസ്‌നേഹികളില്‍ ചിലര്‍ ഈ മുത്തശ്ശിമരം മുറിക്കുന്നതിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നു ആ ശ്രമം നിര്‍ത്തിവെക്കുകയായിരുന്നു. എന്തായാലും വളരെക്കാലത്തെ പരാതിയെ തുടര്‍ന്നാണ് മരം മുറിക്കാന്‍ അധികൃതര്‍ വീണ്ടും തയ്യാറായത്. റോഡിലെ ഈ മരം മുറിച്ചു മാറ്റിയാല്‍ മാത്രമേ അവിടെയുള്ള കലിങ്കിന്റെ പണികള്‍ നടത്താന്‍ കഴിയുമായിരുന്നു. മരം മുറിച്ചു മാറ്റിയതോടെ റോഡ് പണി ഉടന്‍ പുനരാരംഭിക്കും.