-->
അരൂര്‍: ദേശീയപാതയില്‍ എരമല്ലൂരില്‍ കാര്‍ ഓട്ടത്തിനിടെ കത്തിനശിച്ച സംഭവത്തില്‍ കെ.എസ്.ഡി.പി ചെയര്‍മാനും കുടുംബത്തിനും രക്ഷയായത് പിന്നാലെ വന്ന വാഹന ത്തിലെ യാത്രക്കാരായ ശബരിമല തീര്‍ഥാടകരുടെ സമയോചിത ഇടപെടല്‍.
സി.പി.എം സംസ്‌ഥാന കമ്മിറ്റി അംഗവും കെ.എസ്.ഡി.പി ചെയര്‍മാനുമായ സി.ബി ചന്ദ്രബാബുവും കുടുംബവുമാണ് അപകടത്തില്‍നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ദേശീയപാത എരമല്ലൂര്‍ തെക്ക് കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപം വ്യാഴാഴ്‌ച രാത്രി 11ഓടെയായിരുന്നു സംഭവം. തുറവൂരിലെ മരണ വീട്ടില്‍പോയശേഷം അരൂരിലേക്ക് മടങ്ങുകയായിരുന്നു ചന്ദ്രബാബുവും കുടുംബവും.
കാറിനു പിന്നാലെ വന്ന ബസിലു ണ്ടായിരുന്ന അയ്യപ്പന്മാരുടെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. കാറിന്റെ ബോണറ്റില്‍ തീപ്പൊരി ചിതറുന്നതു കണ്ട ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കുകയും ബസിലുണ്ടായിരുന്നവര്‍ ശബ്‌ദമുണ്ടാക്കുകയും ചെയ്‌തു. ബസിന് കടന്നു പോകാനായിരിക്കുമെന്നാണ് കാര്‍ ഡ്രൈവര്‍ കരുതിയത്. കാര്‍ ഓടിച്ച ബന്ധുവിനോട് ബസ് കടത്തിവിടാന്‍ ചന്ദ്രബാബു പറഞ്ഞെങ്കിലും വീതിയുള്ള സ്‌ഥലമായിരുന്നില്ല. ഇതിനിടെ ബസിലുണ്ടായിരുന്ന നാലഞ്ചുപേര്‍ ഓടിവന്ന് കാറില്‍ കൈകൊണ്ട് തട്ടി തീയെന്ന് പറഞ്ഞപ്പോഴാണ് കാര്യം മനസിലായത്. പെട്ടെന്ന് കാര്‍ നിര്‍ത്തി എല്ലാവരും പുറത്തേക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ തീനാളങ്ങള്‍ കാറിനെ വിഴുങ്ങുകയും ചെയ്‌തു. പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്‌റ്റ് കാര്‍ നല്ല കണ്ടീഷ നിലുള്ളതായിരുന്നുവെന്ന് ചന്ദ്രബാബു പറയുന്നു. എലി ഉള്ളില്‍ കയറിവയറുകള്‍ കടിച്ചു മുറിച്ച് ഷോര്‍ട്ടായതാകാനാണ് സാധ്യതയെന്നാണ് ഫയര്‍ഫോഴ്‌സ് നിഗമനം. കാര്‍ കത്തിയതിന് പിന്നാലെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഓഫാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്നിരക്ഷാസേനയും അരൂര്‍ പോലീസും സ്‌ഥലത്തെത്തിയിരുന്നു.