-->
കോഴഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉടനീളം മികച്ച വിജയം നേടിയതിനു പിന്നാലെ അധ്യക്ഷന്മാരെ കണ്ടെത്താനുള്ള നീക്കം യു.ഡി.എഫില്‍ തുടങ്ങി. വനിതകള്‍ ചെയര്‍ പേഴ്‌സണ്‍മാര്‍ ആകേണ്ട ജില്ലാ പഞ്ചായത്തു് ,മൂന്ന് മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കുള്ള ചര്‍ച്ചകള്‍ക്കാണ് നേതൃത്വം തുടക്കം ഇട്ടിട്ടുള്ളത്.
അംഗങ്ങളുടെ സത്യപ്രതിജ്‌ഞക്ക് ശേഷം മാത്രമേ ഇക്കാര്യം ചര്‍ച്ചക്ക് എടുക്കു എന്ന് പറയുമ്പോഴും തുടക്കത്തിലേ അവകാശവാദവുമായി എത്തിയവരെ മെരുക്കാനുള്ള ശ്രമവും തുടങ്ങി.പലരുടെയും അപക്വമായ വാദങ്ങള്‍ക്ക് തുടക്കത്തിലേ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇത് കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കുകയും ലഭിച്ച വിജയത്തിന്റെ മാറ്റ് കുറയുന്നതിനും ഇടയാക്കും.
അടുത്തവര്‍ഷം പകുതിയോടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഇത് തടസമാകും.ഈ തിരിച്ചറിവിലാണ് ജില്ലാ നേതൃത്വം.അതിനാല്‍ തന്നെ ആരെയും പിണക്കാതെയുള്ള നടപടികളിലേക്കാണ് കടക്കുന്നത്.പാര്‍ട്ടി സീറ്റ് നല്‍കിയവര്‍ എല്ലാം തന്നെ ഇക്കാര്യത്തില്‍ രേഖാമൂലമായ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഡി.സി.സി പ്രസിഡണ്ട് പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ക്രമം പ്രഖ്യാപിച്ചതോടെ 26 ന് മുന്‍പ് ജില്ലാ പഞ്ചായത്തിലും ഭൂരിപക്ഷം ഉറപ്പിച്ച നഗരസഭകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും അധ്യക്ഷരെയും ഉപാധ്യക്ഷരെയും കണ്ടെത്തേണ്ടതുണ്ട്. തുല്യത പാലിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങളില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കിയിട്ടുണ്ട്.
ബി.ജെ.പി ക്കും യു.ഡി.എഫിനും തുല്യ നിലയുള്ള നാരങ്ങാനം,ഓമല്ലൂര്‍ പഞ്ചായത്തുകളില്‍ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്നും പറയുന്നു.
യു.ഡി.എഫിനും എല്‍.ഡി.എഫിനും കൂടി എന്‍.ഡി.എ യെക്കാള്‍ സീറ്റുകള്‍ ഉള്ളിടങ്ങളില്‍ ബി.ജെ.പി ഭരണം ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്,എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന കാലഘട്ടത്തില്‍ ഈ കൂട്ടുകെട്ട് ദോഷം ചെയ്യുമെന്ന അഭിപ്രായവുമുണ്ട്.
പന്തളം നഗരസഭാധ്യക്ഷ പദവിയും വനിതാ സംവരണമാണെങ്കിലും സിപിഎമ്മായിരിക്കും ഇവിടെ അധികാരത്തില്‍ വരിക. തിരുവല്ല പട്ടികജാതി വനിത സംവരണവുമാണ്. ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് 12 സീറ്റാണുള്ളത്.
പത്തും കോണ്‍ഗ്രസ് പ്രതിനിധികളാണ്. രണ്ട് കേരള കോണ്‍ഗ്രസ് അംഗങ്ങളുമുണ്ട്. കോണ്‍ഗ്രസ് അംഗങ്ങളില്‍ അഞ്ചു പേര്‍ വനിതകളാണ്.
അഞ്ചു വര്‍ഷവും കോണ്‍ഗ്രസിനു തന്നെയാകും പ്രസിഡന്റ് പദവി. ഇത് വീതം വയ്‌ക്കണമോയെന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. വൈസ് പ്രസിഡന്റു സ്‌ഥാനത്തിന് കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചേക്കാം.
എന്നാല്‍ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമലക്ക് ഈ സ്‌ഥാനം നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ജില്ലയില്‍ മറ്റു തദ്ദേശ സ്‌ഥാപനങ്ങളിലെ വീതംവയ്‌പ് കൂടി പരിഗണിക്കുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ത്രിതല പഞ്ചായത്തുകളില്‍ മികവ് തെളിയിച്ചവര്‍ ആണ് യു.ഡി.എഫില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മിക്കവരും.
ഇതിനാല്‍ തന്നെ അധ്യക്ഷയെ കണ്ടെത്തുക നേതൃത്വത്തിന് മുന്നില്‍ വെല്ലുവിളിയാണ്.സമവാക്യങ്ങളും സമുദായവും ഗ്രൂപ്പും ഒക്കെ പറഞ്ഞുള്ള സമ്മര്‍ദം ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മുതലേ ആരംഭിച്ചിട്ടുണ്ട്.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സെ്‌റ്റല്ലാ തോമസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലയാലപ്പുഴയിലെ പ്രതിനിധിയുമായി എം.വി. അമ്പിളി, കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റും പ്രമാടത്തെ പ്രതിനിധിയുമായ ദീനാമ്മ റോയി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
സമീപകാലത്ത് കോണ്‍ഗ്രസിലെത്തുകയും പള്ളിക്കലില്‍ നിന്നു കഴിഞ്ഞതവണ സി.പി.ഐ പ്രതിനിധിയുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പേരും പരിഗണിക്കുന്നുണ്ട്.
ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ഈ വാഗ്‌ദാനം നല്‍കിയിരുന്നതായി പറയുന്നുണ്ട്.ജില്ലാ ,നഗരസഭ ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ അധ്യക്ഷന്മാരെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.