-->
കട്ടപ്പന: വിലയിടിവും ഉല്‍പാദനം കുറയുന്നതും കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കാലാവസ്‌ഥയിലെ മാറ്റങ്ങളെ തുടര്‍ന്ന് കൊക്കോ ചെടികളില്‍ പൂക്കള്‍ കൊഴിഞ്ഞു പോകുകയാണ്. മഴ കുറഞ്ഞിട്ടും കാര്യമായി പൂവിടാത്തതും ആശങ്കയക്ക് കാരണമാകുകയാണ്. നിലവിലെ സ്‌ഥിതി തുടര്‍ന്നാല്‍ സീസണില്‍ കമ്പോളത്തിലെത്തുന്ന ഉല്‍പ്പന്നം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറയും. നിലവില്‍ ഉണക്കപ്പരിപ്പിന് 350-370 രൂപയും പച്ചപ്പരിപ്പിന് 90- 100 രൂപയുമാണ് വില. കഴിഞ്ഞവര്‍ഷം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 840- 850 രൂപയില്‍ എത്തിയിരുന്നു. വില കുത്തനെ ഇടിയുന്നതിനു പിന്നാലെ ഉല്‍പ്പാദനവും കുറയുന്നതാണ് പ്രധാന പ്രതിസന്ധി. ഒന്നര പതിറ്റാണ്ട് മുമ്പ് വരെ ഹൈറേഞ്ചില്‍ വന്‍തോതില്‍ കൊക്കോ കൃഷിയുണ്ടായിരുന്നു. ചെറിയ മുതല്‍ മുടക്കില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന വിളയാണെങ്കിലും പിന്നീട് ഉല്‍പാദനം വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ കര്‍ഷകര്‍ ചെടികള്‍ വെട്ടിമാറ്റി ഏലം കൂടുതലായി കൃഷി ചെയ്‌തു. ഹൈറേഞ്ചില്‍ ലോ റേഞ്ചിനേക്കാള്‍ കൂടുതല്‍ ഉല്‍പാദനം ലഭിക്കുമെന്നും ഇപ്പോഴത്തെ കാലാവസ്‌ഥ വ്യതിയാനമാണ് തിരിച്ചടിയാകുന്നതെന്നും കര്‍ഷകര്‍ പറയുന്നു.