-->
കുട്ടനാട്: വര്‍ഷങ്ങളായി പോളയും കടകലും തിങ്ങിവളര്‍ന്നു നാട്ടുതോട്ടിലെ വെള്ളം പൂര്‍ണമായും മലിനീകരിക്കപ്പെട്ടതോടെ പേരിനുപോലും ശുദ്ധജലം കണ്ടെത്താന്‍ കഴിയാതെ നാട്ടുകാര്‍ കടുത്ത ദുരിതത്തില്‍. വേനല്‍ക്കാലത്തിന് തുടക്കം കുറിക്കുകയും ചൂട് കൂടി തുടങ്ങുകയും ചെയ്‌തതോടെ മുട്ടാര്‍ പഞ്ചായത്ത് മിത്രക്കരി പതിമൂന്നാം വാര്‍ഡിലാണ് ശുദ്ധജല ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നത്.
പേരിനുപോലും ഒരു തുള്ളി നല്ല വെള്ളം കിട്ടാതെ വന്നതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ ഒന്നു കുളിക്കാനോ പാത്രം വൃത്തിയാക്കാനോ മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ട് അനുഭവിച്ചു വരുന്നത്.
പ്രദേശത്തെങ്ങും വാട്ടര്‍ അതോറിറ്റി വക പൈപ്പ് ലൈനുകള്‍ സ്‌ഥാപിക്കാത്തതിനാല്‍ കുടിവെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. കിലോമീറ്ററുകള്‍ സഞ്ചരിച്ചാ ലാണ് കുടിവെള്ള സംഭരിക്കാനാവുക.
ഓരുവെള്ള പ്രശ്‌നവും വേലിയേറ്റവും കുട്ടനാട്ടിലെ പുഞ്ചക്കൃഷിക്ക് വന്‍ ഭീഷണിയായി മാറിയതോടെ തണ്ണീര്‍ മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചുതുടങ്ങിയത് നാട്ടുതോടുകളിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നതിനും വെള്ളം കെട്ടിക്കിടന്ന് മലിനീകരണ പ്രശ്‌നം രൂക്ഷമാകുന്നതിനും ആക്കം കൂട്ടിയിട്ടുണ്ട്.
കുട്ടനാട്ടില്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വര്‍ധിച്ചു വരുന്നതിനു പിന്നില്‍ നാട്ടിലെ ശുദ്ധജലക്ഷാമം പ്രധാന പങ്കുവഹിക്കുന്നതായി ഉള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും ഇതിനു തടയിടാനോ നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണാനോ അധികൃതര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രാവശ്യം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിവേദനങ്ങള്‍ നല്‍കുകയും പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധങ്ങള്‍ സംഘടി പ്പിക്കുകയും ചെയ്‌തെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായി എന്ന് മാത്രമല്ല നിരവധിയാളുകള്‍ക്ക് തൊക് രോഗങ്ങള്‍ക്കും മറ്റ് സാക്രമിക രോഗങ്ങള്‍ക്കും അടിമപ്പെടുന്ന സ്‌ഥിതിയുമായി.
ഒരുകാലത്ത് എടത്വാ മാമ്പുഴക്കരി ബോട്ട് സര്‍വീസ് വരെ നടത്തിവന്നിരുന്ന ഈ നാട്ടുതോട് അടിയന്തരമായി നവീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികാരം ഏല്‍ക്കാന്‍ പോകുന്ന പുതിയ ഭരണസമിതിയെങ്കിലും തയ്യാറാകണം എന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.