-->
പത്തനംതിട്ട: ജില്ലയില്‍ ഇടത് മുന്നണിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തെ തുടര്‍ന്ന് സി. പി .എമ്മിലും ഘടക കക്ഷികളിലും അസ്വാരസ്യം പുകയുന്നു.മുന്‍ കാലങ്ങളില്‍ ഇത് പാര്‍ട്ടിക്കും മുന്നണിക്കും ഉള്ളില്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ പരസ്യ പ്രതികരണത്തിലേക്ക് വന്നിട്ടുണ്ട്.സി.പി.ഐ,കേരളാ കോണ്‍ഗ്രസ് ,ആര്‍,ജെ,ഡി തുടങ്ങിയ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.എന്നാല്‍ മുന്‍ എം.എല്‍.എ യും സി.പി.എം മുന്‍ ജില്ലാ സെക്രെട്ടറിയേറ്റ് അംഗവുമായ കെ.സി രാജഗോപാല്‍ പരസ്യ പ്രതികരണത്തിന് ഇറങ്ങിയത് നേതൃത്വത്തിന് ഞെട്ടല്‍ ഉണ്ടാക്കി.അതിനാലാണ് ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉടന്‍ തന്നെ മറുപടിക്ക് മുതിര്‍ന്നത്.സി.പി.എം ജില്ലാ കമ്മറ്റിയില്‍ പിണറായി പക്ഷത്തെ നയിച്ചിരുന്നത് എ.പദ്‌മകുമാറും വി.എസ് വിഭാഗത്തിന് നേതൃത്വം നല്‍കിയത് കെ.സി രാജഗോപാലും ആയിരുന്നു.അതില്‍ പദ്‌മകുമാര്‍ ശബരിമല കേസില്‍ ഇപ്പോള്‍ ജയിലിലാണ്.ഇതോടെ ശക്‌തനാകാനൊരുങ്ങിയ രാജഗോപാലിന്റെ ശ്രമം മുളയിലേ നുള്ളാന്‍ വേണ്ടിയാണ് സ്വന്തം പഞ്ചായത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിച്ചത്.സി.പി.എമ്മിന് കാര്യമായ സ്വാധീനം ഉള്ള മെഴുവേലിയില്‍ ഭരണം നഷ്‌ടപ്പെടുന്നതിനും ഇത് ഇടയാക്കി.ഇതിന് കാരണക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയെന്നാണ് കെ.സി .ആര്‍ ആരോപിക്കുന്നത്.
ഇതിനിടെ പാര്‍ട്ടി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കെ.സി.രാജഗോപാലിന്‍റെ ആരോപണത്തില്‍ വിമര്‍ശനവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ.പ്രകാശ് ബാബു രംഗത്തെത്തി. പഴയകാലം മറക്കരുതെന്നും മലര്‍ന്നുകിടന്ന് തുപ്പരുതെന്നും പ്രകാശ് ബാബുവിന്‍റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റ്. വി.എസ് പക്ഷത്തുനിന്ന് നിരവധിപേരെ ശിരചേ്‌ഛദം ചെയ്‌തയാളാണ് രാജഗോപാലെന്നും അനുഭവിക്കുന്നത് അനര്‍ഹര്‍ക്ക് അവസരം നല്‍കിയതിന്‍റെ ഫലമെന്നും പോസ്‌റ്റില്‍ പറയുന്നു.
പുതിയ കാലഘട്ടത്തില്‍ സംഘടനയുടെ അകത്തും പുറത്തും കാലുവാരലും ചതിയും കുതികാല്‍ വെട്ടും വഞ്ചനയും എല്ലാം സജീവമാണ്.എന്നാല്‍ ഇതെല്ലാം പറയാന്‍ വേദികളുണ്ട്.
റിട്ടയര്‍മെന്റിന് ശേഷം പാര്‍ട്ടി തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. ഇല്ലെങ്കില്‍ ഒഴിവാകുക ഇതാണ് വേണ്ടത്,അല്ലാതെ ശത്രുക്കളുടെ ആയുധമാകാതിരിക്കുക എന്നുംപ്രകാശ് ബാബു പറയുന്നു.
മെഴുവേലിയില്‍ രാജഗോപാല്‍ മത്സരത്തിന് ഒരുങ്ങിയപ്പോള്‍ തന്നെ സി.പി.എം പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.ഇത് വാര്‍ഡില്‍ അദ്ദേഹം തോല്‍ക്കുന്ന നിലയില്‍ ചെന്നെത്തി.മന്ത്രി വീണ ജോര്‍ജ് അടക്കം നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയതോടെയാണ് ചുരുങ്ങിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത്.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌നം പൊലിഞ്ഞതോടെയാണ് സിപിഎമ്മിനെ കടന്നാക്രമിച്ച് മുന്‍ എംഎല്‍എ കൂടിയായ കെ.സി.രാജഗോപാല്‍ രംഗത്തെത്തുന്നത്. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും മെഴുവേലി പഞ്ചായത്തിലെ ഭരണം അട്ടിമറിച്ചു എന്നുമായിരുന്നു ഏരിയ സെക്രട്ടറിക്കെതിരെയുള്ള രാജഗോപാലിന്‍റെ ആരോപണം. മെഴുവേലി പഞ്ചായത്ത് എട്ടാം വാര്‍ഡിലായിരുന്നു രാജഗോപാല്‍ മല്‍സരിച്ചത്. മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് കിട്ടിയത് കേവലം 28 വോട്ട് ലീഡ്. ഇതിന് പുറമെ ഭരണ നഷ്‌ടവും.
ഒരുകാലത്തു് രാജഗോപാലിന്റെ സന്തത സഹചാരി ആയിരുന്ന കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്‌റ്റാലിന്‍ തോല്‍പിക്കാന്‍ ശ്രമിച്ചു എന്നും കോണ്‍ഗ്രസ് വോട്ടിലാണ് താന്‍ ജയിച്ചത്. തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തി.
പാര്‍ട്ടി ചട്ട പ്രകാരം 75 കഴിഞ്ഞപ്പോള്‍ തന്നെ ജില്ലാക്കമ്മിറ്റിയില്‍ ഒഴിവാക്കിയ സമയത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ചവരില്‍ ഏരിയ സെക്രട്ടറിയുടെ മകനും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതിനൊന്നും മറുപടി മറുപടി ഇല്ലെന്നും നേതാക്കള്‍ പറയട്ടെ എന്നുമാണ് സ്‌റ്റാലിന്‍ പ്രതികരിച്ചത്.
കേരളാ കോണ്‍ഗ്രസിനും ആര്‍,ജെ,ഡിക്കും നല്‍കിയ സീറ്റുകള്‍ വിജയിക്കാന്‍ കഴിയുന്നതല്ല എന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.തിരുവല്ല,കോന്നി,കുമ്പനാട്,ആറന്മുള എന്നിവിടങ്ങളില്‍ ഒക്കെ പരാജയത്തിന് ഇത് ഇടയാക്കി.പലയിടത്തും സി.പി.എം വിമത സ്‌ഥാനാര്‍ഥികള്‍ ഉണ്ടായിട്ടും പാര്‍ട്ടി കാര്യമായ നടപടി സ്വീകരിച്ചില്ല.പലരും പരസ്യ പ്രസ്‌താവനയുമായി രംഗത്തേക്ക് വന്നപ്പോള്‍ അടുത്ത ജില്ലാ മുന്നണി യോഗത്തില്‍ വിഷയം സജീവമാക്കാനുള്ള ശ്രമത്തിലാണ് ചെറിയ പാര്‍ട്ടികള്‍.